
അങ്ങനെ 2023ന് 'ബൈ' പറയാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. പുത്തൻ പ്രതീക്ഷകളുമായി ജനങ്ങൾ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ മലയാള സിനിമയിൽ വരാൻ പോകുന്നത് ഒരു കൂട്ടം മികച്ച സിനിമകളാണ്. 2023 ചെറിയ സിനിമകളുടെ വലിയ വിജയം, സൈലന്റ് ആയി വന്ന് ഹിറ്റടിച്ച് പോയ സിനിമകളുടെ കാലം ആയിരുന്നു. 2024ൽ വരാനിരിക്കുന്നത് സൂപ്പർ താരങ്ങളുടേതിന് ഒപ്പം യുവതാരങ്ങളുടെയും കൂടി സിനിമകളാണ്. അവയിൽ പലതും മികച്ച സംവിധായക-തിരക്കഥ, ബിഗ് ബജറ്റ് ചിത്രങ്ങളുമാണ്. അത്തരത്തിൽ 2024ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏതാനും ചില സിനിമകളിതാ..
1- മലൈക്കോട്ടൈ വാലിബൻ
പട്ടികയിൽ ആദ്യത്തെ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' ആണ്. യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണിത്. നായകനായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം മോഹൻലാലും. അതുകൊണ്ട് തന്നെയാണ് മലൈക്കോട്ടൈ വാലിബന് ഇത്രയും ആവേശം. ഇതുവരെ കാണാത്ത ലുക്കിൽ മോഹൻലാൽ എത്തുന്ന ചിത്രം 2024 ജനുവരി 25ന് തിയറ്ററിൽ എത്തും. സിനിമയിൽ മോഹൻലാൽ ഡബിൾ റോളിലാണെന്നും ഗുസ്തിക്കാരനാണെന്നും അനൗദ്യോഗിക വിവരമുണ്ട്.
2- ആടുജീവിതം
ബ്ലോസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ആടുജീവിതം'. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ്. 2018ൽ ഷൂട്ടിംഗ് തുടങ്ങി 2022 അവസാനിച്ച ചിത്രത്തിൽ പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോമേഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കാൻ ഉതകുന്ന സിനിമയെന്ന് ഏവരും വിലയിരുത്തുന്ന ആടുജീവിതം 2024 ഏപ്രിൽ 10ന് തിയറ്ററിൽ എത്തും.
3- അജയന്റെ രണ്ടാം മോഷണം
യുവതാര നിരയിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും ത്രീഡിയിൽ ആണ് ഒരുങ്ങുന്നത്. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ട്രിപ്പിൾ റോളിലാണ് ടൊവിനോ എത്തുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ടൊവിനോയുടെ കരിയറിൽ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്.
4- ഭ്രമയുഗം
മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ഭ്രമയുഗം. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടുന്ന മമ്മൂട്ടിയുടെ മറ്റൊരു പകർന്നാട്ട ചിത്രമാണിത്. ഹൊറോർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി ആദ്യവാരും റിലീസ് ചെയ്യുമെന്നാണ് വിവരം. രാഹുൽ സദാശിവൻ ആണ് സംവിധാനം.
5- ബറോസ്
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ നിന്നും ആർജ്ജിച്ചെടുത്ത കരവിരുതുമായി മോഹൻലാൽ എത്തുമ്പോൾ പ്രതീക്ഷ ഏറെയാണ്. 2024 മാർച്ച് 28ന് ചിത്രം തിയറ്ററിൽ എത്തും. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങി സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്.
6- കത്തനാർ
നടൻ ജയസൂര്യ നായകനായി എത്തുന്ന ചിത്രമാണ് കത്തനാർ. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള സിനിമ സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 2014ൽ തന്നെ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. അനുഷ്ക ഷെട്ടിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക.
7-എമ്പുരാൻ
അടുത്ത വർഷം റിലീസ് ചെയ്യുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ലുസിഫറിന്റെ രണ്ടാം ഭാഗമാണിത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസുമാണ് സിനിമയുടെ നിർമ്മാണം. ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ബൈജു തുടങ്ങിയവർ സിനിമയിൽ ഉണ്ടാകും എന്നാണ് വിവരം. ചിത്രം 2024 അവസാനം റിലീസ് കാണുമെന്നാണ് വിവരം. എന്നാല്‍ 2025ല്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
8- വർഷങ്ങൾക്ക് ശേഷം
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസൻ ആണ് സംവിധാനം. കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പം നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
9- ഓസ്‍ലര്‍
ജയറാം നായകനായി എത്തുന്ന ചിത്രമാണ് ഓസ്‍ലര്‍. ഇൻവെസ്റ്റിഗേഷൻ ഗണത്തിൽപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ചിത്രം 2024 ജനുവരി 11ന് തിയറ്ററിൽ എത്തും. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മുകളിൽ പറഞ്ഞ സിനിമകൾ കൂടാതെ ചെറുതും വലുതുമായി നിരവധി സിനിമകൾ 2024ൽ മലയാളത്തിൽ റിലീസ് ചെയ്യുന്നുണ്ട്. ദിലീപ് ചിത്രം തങ്കമണി, മോഹൻലാൽ സിനിമകളായ റമ്പാൻ, വൃഷഭ, മമ്മൂട്ടി ചിത്രങ്ങളായ ബസൂക്ക, ടർബോ, ടൊവിനോയുടെ നടികർ തിലകം തുടങ്ങിയവ ഉദാഹരണങ്ങൾ. ഇവയിൽ ചിലത് വരും വർഷങ്ങളിൽ ആകാം ചിലപ്പോൾ റിലീസ് ചെയ്യുക.
പേളിക്കിത് ബേബി ഷവർ ടൈം; കൗതുകത്തോടെ നില ബേബിയും
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..