
സെപ്റ്റംബർ രണ്ടിനാണ് തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. വിക്രാന്തുമായി ബന്ധപ്പെട്ട വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്ന വേളയിൽ എഴുത്തുകാരൻ എൻ എസ് മാധവൻ പങ്കുവച്ച ട്വീറ്റ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഐ എൻ എസ് വിക്രാന്ത് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിക്കാൻ പോയവരിൽ നടൻ ജയനും ഉണ്ടായിരുന്നുവെന്ന് മാധവൻ ട്വീറ്റ് ചെയ്യുന്നു.
"1961 ഇൽ ബ്രിട്ടീഷ് നിർമ്മിത എച് എം എസ് ഹെർക്കുലീസ് എന്ന വിമാനവാഹിനിക്കപ്പൽ ( പിന്നീട് ഐ എൻ എസ് വിക്രാന്ത് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) ഇന്ത്യ വാങ്ങിയപ്പോൾ അത് ഇന്ത്യയിലെത്തിക്കാൻ പോയവരുടെ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായരുമുണ്ടായിരുന്നു. പിന്നീട് അയാൾ ജയൻ എന്ന മറ്റൊരു പേരിൽ സിനിമയിൽ ചേർന്നു, കേരളത്തിന്റെ ആദ്യ സൂപ്പർഹീറോ ആയി", എന്നാണ് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തത്.
20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്. രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. രണ്ട് ഫുട്ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്‍റെ ഫ്ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പൽ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പൽ നിർമിച്ചത്.
രാജ്യത്തിന് അഭിമാന നിമിഷങ്ങൾ, ഇന്ത്യൻ സമുദ്രതീരം കാക്കാൻ ഐഎൻഎസ് വിക്രാന്ത്
1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ എൻ എസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. പഴയ വിക്രാന്തിന്‍റെ സ്മരണയിലാണ് പുതുതായി നിർമിച്ച കപ്പലിനും അതേ പേര് നൽകിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ