
ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒമര്‍ ലുലു (Omar Lulu) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല സമയം (Nalla Samayam). ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുകയാണ് അണിയറക്കാര്‍. തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലികളില്‍ ഏതെങ്കിലും ഒന്ന് സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണനയുണ്ട്. 18- 23 ആണ് പ്രായപരിധി. രണ്ട് നായികാ കഥാപാത്രങ്ങളിലേക്കാണ് ഓഡിഷന്‍. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് ഓഡിഷനില്‍ പങ്കെടുക്കാം.
തൃശൂരിലെ ഹോട്ടൽ പേള്‍ റിജന്‍സിയില്‍ രാവിലെ 10:30 മുതൽ വൈകുന്നേരം 5:30 വരെയാണ് ഓഡിഷന്‍. ആന്‍ ഒമര്‍ മാജിക് എന്നാണ് സംവിധായകന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള ഗ്ലോബേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഗ്രൂപ്പ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ബാബു ആന്‍റണിയെ നായകനാക്കി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്. പിആര്‍ഒ പ്രതീഷ് ശേഖര്‍.
അതേസമയം ആക്ഷന്‍ ഹീറോ ആയി ബാബു ആന്‍റണിയുടെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പവര്‍ സ്റ്റാര്‍. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നൽകി ചെറിയ പിരീഡിൽ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും പവർസ്റ്റാർ എന്ന് ഒമർ ലുലു പറഞ്ഞിരുന്നു. നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നായകനായ ബാബു ആന്റണിയെ കൂടാതെ റിയാസ് ഖാൻ, ഷമ്മി തിലകൻ, അബു സലിം, ശാലു റഹീം, അമീർ നിയാസ്, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
കഥ, തിരക്കഥ, ഡെന്നിസ് ജോസഫ്, ഛായാഗ്രഹണം സിനു സിദ്ധാർഥ്, ആക്ഷൻ ദിനേശ് കാശി, എഡിറ്റിംഗ് ജോൺ കുട്ടി, സ്പോട്ട് എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സ്വപ്‌നേഷ് കെ നായർ, കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീന്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗിരീഷ് കറുവാന്തല.