
ചെന്നൈ: നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്‍ററിയായ നയന്‍താര ബിയോണ്ട് ദി ഫെയറിടെയിലുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിൽ. നാനും റൗഡി താൻ ചിത്രത്തിൻ്റെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് നടനും നിർമാതാവുമായ ധനുഷ് നൽകിയ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട ഹർജിക്ക് പിന്നാലെ ചന്ദ്രമുഖി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ഹൈക്കോടതിയിൽ ഹർജി നൽകി. നയൻതാരയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയിൽ ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉൾപ്പെടുത്തി എന്നാണ് പരാതി. 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ നെറ്റ്ഫ്ലിക്സിനും ഡോക്യുമെന്ററി നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതിയ വ്യക്തമാക്കിയിട്ടുണ്ട്.
2024 നവംബർ 18 നാണ് നയന്‍താര ബിയോണ്ട് ദി ഫെയറിടെയിൽ ഡോക്യുമെന്ററി റിലീസ് ചെയ്‌തത്. ഇതിന് പിന്നാലെ ഡോക്യുമെന്‍ററിക്കെതിരെ ധനുഷാണ് ആദ്യം പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട ഹർജി മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഈ ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരവെയാണ് പുതിയ ഹർജിയുമെത്തിയത്. നേരത്തെ ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ധനുഷ് നിർമിച്ച നാനം റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ആണ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്. സിനിമ ഷൂട്ട് ചെയ്തത് പോണ്ടിച്ചേരിയിലും ചെന്നൈയിലുമാണ്. നയന്‍താരയുമായി കരാന്‍ ഒപ്പിടുമ്പോള്‍ ധനുഷിന്‍റെ കമ്പനിയുടെ ഓഫീസ് ചെന്നൈയില്‍ ആയിരുന്നു. നയന്‍താര സിനിമയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈല്‍ അടക്കമുള്ള കാര്യങ്ങള്‍ പകര്‍പ്പവകാശത്തിന്‍റെ പരിതിയില്‍ വരുമെന്നും അതുകൊണ്ട് ഈ ഹര്‍ജി പരിഗണിക്കുമെന്നുമായിരുന്നു ധനുഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്ലിക്സിന്‍റെ ഹര്‍ജി തള്ളിയത്.
അതേസമയം ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് ധനുഷുമായുണ്ടായ വിവാദം പരസ്യ സ്റ്റണ്ട് ആയിരുന്നില്ലെന്ന് നയൻതാര നേരത്തെ പ്രതികരിച്ചിരുന്നു. താൻ പ്രശസ്തിക്കായി ആരെയും വ്യക്തിഹത്യ ചെയ്യുന്ന ആളല്ല. ധനുഷിന്റെ പ്രശ്നം എന്തെന്നറിയാൻ ഏറെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ധനുഷുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് മാനേജരോട് താൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. സാധാരണ താരങ്ങളുടെ മാനേജർമാരോട് സംസാരിക്കാത്ത ആളാണ് ഞാന്‍. എന്തിനാണ് ദേഷ്യം എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ധനുഷ് സംസാരിക്കാൻ തയ്യാറായില്ലെന്നും നയന്‍താര ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അണിയറ ദൃശ്യങ്ങൾ സിനിമയുമായി ബന്ധപ്പെട്ട കരാറിൽ പരാമർശിച്ചിട്ടില്ല. സ്വന്തം ഫോണിൽ എടുത്ത ദൃശ്യങ്ങൾ ആണ് ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചത്. അതിനാൽ പകർപ്പവകാശം ബാധകം ആകില്ല. ശരിയെന്ന് വിശ്വസിക്കുന്ന കാര്യം ചെയ്യാന്‍ ആരെയും പേടിക്കേണ്ടതില്ലെന്നും നയൻതാര അഭിപ്രായപ്പെട്ടിരുന്നു.