ന്യൂയോർക്ക് ടൈംസിൽ ഇടംനേടി 'നായാട്ട്'; ഈ മാസം കണ്ടിരിക്കേണ്ട അഞ്ചു ചിത്രങ്ങളില്‍ ഒന്ന്

By Web TeamFirst Published Aug 1, 2021, 8:58 AM IST
Highlights

ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ 'ജോസഫി'ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

കുഞ്ചാക്കോ ബോബൻ, നിമിഷ ജോർജ്, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. മികച്ച പ്രേക്ഷക, നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.  ഇപ്പോഴിതാ പ്രശസ്ത രാജ്യാന്തര പ്രസിദ്ധീകരണമായ ന്യൂയോര്‍ക്ക് ടൈംസിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളുടെ പട്ടികയിലാണ് നായാട്ടും ഉൾപ്പെട്ടിരിക്കുന്നത്. 

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ച് സിനിമകളിലാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രവും ഉള്‍പ്പെട്ടിരിക്കുന്നത്. അലാ എഡ്ഡിന്‍ അല്‍ജെം സംവിധാനം ചെയ്ത ദ അണ്‍നോണ്‍ സൈന്റ, മാഗ്നസ് വോണ്‍ ഹോണിന്റെ സ്വെറ്റ്, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട്, മരിയോ ബാസ്‌റ്റോസിന്റെ എയര്‍ കണ്ടീഷണര്‍, മരിയാ പാസ് ഗോണ്‍സാല്‍വസ് എന്നിവയാണ് ഈ മാസം കാണുന്നതിനായി ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിച്ചിരിക്കുന്ന ചിത്രങ്ങള്‍.

അതേസമയം, ചിത്രത്തിന്റെ റീമേക്കുകൾ അണിയറയിൽ ഒരുങ്ങുകയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത് ​ഗൗതം വാസുദേവ് മേനോനാണ്. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ നായാട്ട്, കൊവിഡ്  പ്രതിസന്ധിയെ തുടർന്ന് പിന്നീട് നെറ്റ്ഫ്ലിക്സിലും പ്രദർശനത്തിനെത്തിയിരുന്നു. 

ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ 'ജോസഫി'ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. 'ചാര്‍ലി' പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് പുതിയ ചിത്രവുമായി എത്തുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!