കോമഡി സ്‍കിറ്റുകളുമായി ചിരിപ്പിച്ച ഫാസിലും നെടുമുടി വേണുവും

By Web TeamFirst Published Oct 11, 2021, 5:06 PM IST
Highlights

ഒന്നിച്ച് മിമിക്രിയും നാടകവും ചെയ്‍ത് വളര്‍ന്ന നെടുമുടി വേണുവും ഫാസിലും.

നെടുമുടി വേണുവിലെ (Nedumudi Venu) അഭിനേതാവിനെ വളര്‍ത്തിയത് ചുറ്റുപാടുകളുടെ നിരീക്ഷണമാണ്. ഇനിയും ഒട്ടേറെ കഥാപാത്രങ്ങള്‍ താൻ വിളിച്ചാല്‍ വരാൻ കാത്ത് ചുറ്റുപാടുമുണ്ട് എന്നായിരുന്നു നെടുമുടി വേണു പറയാറുള്ളത്. തന്റെ നാട്ടിലെ പരിചയക്കാരായ ഓരോരുത്തരുമാണ് നെടുമുടിയുടെ രൂപത്തിലും ഭാവത്തിലും വെള്ളിത്തിരയില്‍ നിറഞ്ഞാടിയത്. ഈ നീരീക്ഷണ പാടവം ആദ്യം മുതല്‍ക്കൂട്ടായത് കോളേജ് പഠനകാലത്താണ്. മിമിക്രിയുടെ ആദ്യ രൂപം മാത്രമെന്ന് നെടുമുടി വേണു തന്നെ അഭിമുഖങ്ങളില്‍ വിശേഷിപ്പിച്ച കലാവിരുന്നിനായിരുന്നു അത് ഗുണമായത്. ചെറിയ ചെറിയ സ്‍കിറ്റുകളായി ചെയ്‍തിരുന്ന ആ കലാരൂപത്തില്‍ നെടുമുടി വേണുവിന് കൂട്ട് പില്‍ക്കാലത്തെ ജനപ്രിയസംവിധായകനായി മാറിയ ഫാസിലും.

അമ്പത്തിമൂന്ന് വര്‍ഷത്തെ പരിചയമാണ് ഫാസിലും നെടുമുടി വേണുവും തമ്മില്‍. ഡിഗ്രി പഠന കാലത്ത് തുടങ്ങിയ ബന്ധം. നെടുമുടി വേണു മലയാളമായിരുന്നു തന്റെ ബിരുദ പഠനത്തിന് തെരഞ്ഞെടുത്തത്. ഫാസില്‍ ഇക്കണോമിക്സും.  അഭിനയവേദികള്‍ ഇരുവരെയും ഒന്നിപ്പിച്ചു. സുഹൃത്തുക്കളെയും നാട്ടുകാരെയും മറ്റ് അനുകരിക്കുന്നതും ഇരുവരും പതിവാക്കി. അത് കലാപരിപാടിയായി വളര്‍ന്നു. കല്യാണ വീടുകളില്‍ ആദ്യം ചെയ്‍ത പ്രോഗ്രാമുകള്‍ വേദികളിലേക്ക് മാറി. അക്കാലത്ത് ചെയ്‍ത സ്‍കിറ്റുകളില്‍ ഒന്നാണ് ഗോഡ്‍ഫാദര്‍ എന്ന സിനിമയില്‍ ശങ്കരാടിയുടെ ഹിറ്റ് കോമഡിയുടെ പ്രചോദനമെന്ന് നെടുമുടി വേണു തന്നെ പറഞ്ഞിട്ടുണ്ട്. ഫാസില്‍  പിന്നില്‍ നിന്ന് തന്റെ കൈ കൊണ്ട് നെടുമുടി വേണുവിന്റെ മുഖം ചലിപ്പിക്കുന്ന കോമഡിയാണ് സിനിമയിലേക്ക് എത്തിയത്.

ചമ്പക്കുളം ശ്രീവിദ്യ കോളേജില്‍ നെടുമുടി വേണു അധ്യാപകനാകുകയും ഫാസില്‍ എം എ പഠനം നടത്തുകയും ചെയ്യുന്ന കാലത്താണ് കാവാലം പരിചയപ്പെടുന്നത്. അക്കാലത്ത് സ്വയം നാടകങ്ങളെഴുതി ചെയ്യുമായിരുന്നു നെടുമുടി വേണുവും. ഒരു നാടകത്തിന് വിധികര്‍ത്താവായി വന്നത് കാവാലം നാരായണ പണിക്കരായിരുന്നു. അന്ന് പരിചയപ്പെടുകയും നെടുമുടിയെയും ഫാസിലിനെയും കാവാലം ഒപ്പം കൂട്ടുകയുമായിരുന്നു. കൊമേഴ്‍സ്യല്‍ ശൈലിയില്‍ താല്‍പര്യമുള്ള ഫാസില്‍ അധിക കാലം കാവാലത്തിനൊപ്പമുണ്ടായിരുന്നില്ല.

ആദ്യം നെടുമുടി വേണുവായിരുന്നു സിനിമയില്‍ മികവ് തെളിയിച്ചത്. കൂട്ടുകാരൻ ഫാസിലും അധികം വൈകാതെ തന്നെ സംവിധായകനാകുകയും ഹിറ്റുകളുടെ അമരക്കാരനാകുകയും ചെയ്‍തു. ഫാസിലിന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രമായ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ തൊട്ടുള്ള ഒട്ടുമിക്കതിലും അഭിനേതാവായി നെടുമുടി വേണുവും ഒപ്പമുണ്ടായി. 

click me!