
മുംബൈ: 2023 ൽ പുറത്തിറങ്ങിയപ്പോൾ നിരൂപക പ്രശംസ നേടിയ സര്‍വൈവല്‍ സീരിസ് കാല പാനിയുടെ രണ്ടാം സീസണ്‍ നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പാശ്ചത്തലത്തില്‍ വ്യത്യസ്തമായ ആഖ്യാനം നടത്തിയ സീരിസ് അശുതോഷ് ഗോവാരിക്കർ നിർമ്മിച്ച ഈ ഷോ ആദ്യ സീസണിന് പിന്നാലെ വലിയതോതില്‍ പ്രേക്ഷക പിന്തുണ നേടിയിരുന്നു.
അതിന് പിന്നാലെ രണ്ടാം സീസണിന് നെറ്റ്ഫ്ലിക്സ് തത്വത്തില്‍ നേരത്തെ അംഗീകാരം നല്‍കിയതാണ്. അതിനാല്‍ തന്നെ മെയ് 1 ന് സീരിസിന്‍റെ പ്രീ-പ്രൊഡക്ഷൻ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ വിനോദ രംഗത്തെ വൃത്തങ്ങൾ പറയുന്നതനുസരിച്ച് വർദ്ധിച്ചുവരുന്ന നിർമ്മാണ ചെലവുകൾ കാരണം നെറ്റ്ഫ്ലിക്സ് ഇപ്പോൾ പദ്ധതിയിൽ നിന്ന് പിന്മാറി എന്നാണ് വിവരം.
"മേക്കേര്‍സ് വിഭാവനം ചെയ്ത രീതിയില്‍ എടുക്കാന്‍ ഗണ്യമായ ബജറ്റ് ആവശ്യമായിരുന്നു, പക്ഷേ നെറ്റ്ഫ്ലിക്സ് നിർദ്ദിഷ്ട ബജറ്റ് അംഗീകരിക്കാൻ വിസമ്മതിച്ചുവെന്നാണ് വിവരം. സമീർ സക്സേനയും സംഘവും നെറ്റ്ഫ്ലിക്സ് ടീമിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഒരു മാസത്തിലേറെയായി ബജറ്റിനെക്കുറിച്ച് അവരുമായി ചർച്ചകൾ നടത്തി. പക്ഷേ അവർക്ക് ഒരു സമവായത്തിലെത്താൻ കഴിഞ്ഞില്ല, ഒടുവിൽ പദ്ധതി ഉപേക്ഷിച്ചു. റദ്ദാക്കലിനെക്കുറിച്ച് സക്സേന ഇന്നലെയാണ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അറിയിച്ചതെന്ന് പറയപ്പെടുന്നു" പീപ്പിംഗ്മൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാലാ പാനി സീസൺ 2 റദ്ദാക്കിയത് സ്ട്രീമിംഗ് വ്യവസായത്തിലെ സമീപകാലത്തെ ബജറ്റ് കുറയ്ക്കല്‍ നടപടികളുടെ ഭാഗമാണെന്ന് റിപ്പോർട്ടുണ്ട്. നിരവധി നെറ്റ്ഫ്ലിക്സ് പ്രോജക്ടുകൾ അടുത്തിടെ ക്യാന്‍സല്‍ ചെയ്തതായി വിവരമുണ്ട്.
നെറ്റ്ഫ്ലിക്സിൽ നിന്നോ പ്രൊഡക്ഷൻ ടീമിൽ നിന്നോ ഔദ്യോഗിക പ്രസ്താവന ഇനിയും വന്നിട്ടില്ല. ബജറ്റ് വെല്ലുവിളികളും മറ്റ് പ്രോജക്ടുകളും ഷോ റദ്ദാക്കലിന് കാരണമായേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.