
'നൈറ്റ് ഡ്രൈവ്' (Night Drive)എന്ന ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. പ്രചാരണ കോലാഹലമൊന്നുമില്ലാതെയാണ് ചിത്രം എത്തിയതെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ ചര്‍ച്ചയായി മാറിയിരിക്കുകയാണ് 'നൈറ്റ് ഡ്രൈവ്'. മികച്ചൊരു ത്രില്ലര്‍ ചിത്രം ആണ് 'നൈറ്റ് ഡ്രൈവ്' എന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴിതാ ജിസിസിയടക്കമുള്ള വിദേശ രാജ്യങ്ങളിലും 'നൈറ്റ് ഡ്രൈവ്' റിലീസ് ചെയ്യുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.
യുഎഇയടക്കമുള്ള ജിസിസിയില്‍ ചിത്രം 17ന് റിലീസ് ചെയ്യും. സിംഗപ്പൂര്, ഓസ്‍ട്രേലിയ, യുഎസ്‍എ, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലും, വൈശാഖ് സംവിധാനം ചിത്രം 17ന് റിലീസ് ചെയ്യും. ഷാജി കുമാര്‍ ഛായാഗ്രാഹണം നിര്‍വഹിച്ച 'നൈറ്റ് ഡ്രൈവ്' റിലീസ് കഴിഞ്ഞ് തൊട്ടടുത്ത ആഴ്‍ചയിലേക്ക് എത്തുമ്പോള്‍ വൻ പ്രതികരണമാണ് ലഭിക്കുന്നത്. അന്ന ബെൻ, റോഷൻ മാത്യു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
പ്രിയ വേണുവും നീറ്റാ പിന്റോയും ചേര്‍ന്നാണ് നിര്‍മാണം. ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുരേഷ് എസ് പിള്ളയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
ഒരു കൊച്ചു ചിത്രം എന്ന നിലയിലാണ് സംവിധായകൻ വൈശാഖ് 'നൈറ്റ് ഡ്രൈവി'നെ അഭിമുഖങ്ങളില്‍ പരിചയപ്പെടുത്തിയിരുന്നത്. 'പുലിമുരുകൻ' പോലുള്ള തന്റെ ചിത്രങ്ങളുമായി താരതമ്യം അരുത് എന്നും വൈശാഖ് എടുത്തു പറഞ്ഞിരുന്നു. കാമ്പുള്ള കഥയിലാണ് പുതിയ ചിത്രമെന്ന് വൈശാഖ് വ്യക്തമാക്കിയിരുന്നു. വൈശാഖിനൊപ്പം പുതിയ തലമുറയിലെ ശ്രദ്ധേയ താരങ്ങളായ അന്ന ബെന്നും റോഷൻ മാത്യുവും ചേര്‍ന്നപ്പോള്‍ ത്രില്ലിംഗായ ഒരു സിനിമാക്കാഴ്‍ചാ അനുഭവമാണ് തിയറ്ററുകളില്‍ നൈറ്റ് ഡ്രൈവ് സമ്മാനിച്ചിരിക്കുന്നത് എന്നാണ് പ്രതികരണങ്ങള്‍.
രാത്രിയില്‍ നടക്കുന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ കഥാതന്തു. അന്ന ബെന്നിന്റെ 'റിയ'യും റോഷന്റെ 'ജോര്‍ജി'യും രാത്രി സവാരിക്കിടെ ചില അപ്രതീക്ഷിത സംഭവങ്ങളുടെ ഭാഗമാകുന്നു. അത് അവരെ സങ്കീര്‍ണമായ ചില പ്രശ്‍നങ്ങളിലേക്ക് എത്തിക്കുന്നു. ഇങ്ങനെയുള്ള കഥാചുരുക്കത്തിനുപ്പുറമുള്ള ഒരു ത്രില്ലിംഗ് തിരക്കഥയും ആഖ്യാനവുമാണ് 'നൈറ്റ് ഡ്രൈവി'ന്റെ പ്രത്യേകതയെന്നാണ് അഭിപ്രായങ്ങള്‍. നാടകീയതയില്ലാത്ത പ്രകടനങ്ങളുമായി റോഷൻ മാത്യുവും അന്ന ബെന്നും പക്വതയുള്ള ഭാവപകര്‍ച്ചകളോടെ ഇന്ദ്രജിത്തും ഒപ്പം സിദ്ധിഖും കൈലാഷും സന്തോഷ് കീഴാറ്റൂരുമൊക്കെ ചേരുമ്പോള്‍ വിശ്വസനീയമായ രീതിയില്‍ കഥാ സന്ദര്‍ഭങ്ങള്‍ പ്രേക്ഷകന്റെ അനുഭവമായി പരിണമിക്കുന്നു. അന്ന ബെന്നിന്റെയും റോഷൻ മാത്യുവിന്റെയും ഓണ്‍ സ്‍ക്രീൻ കെമിസ്‍ട്രിയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം
'ബെന്നി മൂപ്പൻ' എന്ന കഥാപാത്രത്തിനായി വീണ്ടും ഇന്ദ്രജിത്ത് കാക്കിയണിഞ്ഞപ്പോള്‍ ഗംഭീരമായിരിക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍. കോഴിക്കോടൻ സംസാര ശൈലിയാണ് ഇത്തവണ സിദ്ധിഖ് തന്റെ കഥാപാത്രത്തെ വേറിട്ടുനിര്‍ത്താൻ സ്വീകരിച്ചിരിക്കുന്നത്. ഇരുത്തം വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായി സന്തോഷ് കീഴാറ്റൂരും ചിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നു. കൈലാഷിന്റെയും കാസ്റ്റിംഗും ചിത്രത്തില്‍ കൃത്യമാണ്.
Read More : ത്രില്ലടിപ്പിച്ച് 'ഒരു രാത്രി സവാരി', 'നൈറ്റ് ഡ്രൈവി'ന്റെ റിവ്യു
സാധാരണ ഒരു സിനിമയില്‍ നിന്ന് വ്യത്യസ്‍തമായി മികച്ച തിയറ്റര്‍ അനുഭവമായി മാറുന്നത് തിരക്കഥയെഴുത്തിലെ കണിശതയും അതിനൊത്തെ ആഖ്യാന കൗശലവുമാണ്. പ്രേക്ഷകനെ വിശ്വസിപ്പിച്ച് ഓരോ കഥാ സന്ദര്‍ഭങ്ങളെയും സംഭാഷണങ്ങളെയും കോര്‍ത്തെടുത്തിരിക്കുന്നു തിരക്കഥാകൃത്ത്. സംവിധായകൻ വൈശാഖ് ആകട്ടെ തന്റെ മുൻ ചിത്രങ്ങളുടെ പതിവ് വിട്ടുള്ള ക്രാഫ്റ്റാണ് 'നൈറ്റ് ഡ്രൈവി'നായി സ്വീകരിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ പെരുമാറ്റത്തില്‍ പോലും സംവിധായകന്റെ വഴിമാറിയുള്ള സഞ്ചാരത്തിന്റെ മുൻകൂര്‍ തീരുമാനം കൃത്യമായി നടപ്പിലാക്കിയിരിക്കുന്നു. മികച്ചൊരു ത്രില്ലര്‍ സിനിമാ അനുഭവം 'നൈറ്റ് ഡ്രൈവ്' സമ്മാനിക്കുന്നുവെന്നാണ് സംവിധായകരായ ജുഡ് ആന്റണി ജോസഫ്, അജയ് വാസുദേവ് തുടങ്ങിയവര്‍ എഴുതിയിരിക്കുന്നതും.