'ഈ ദൈവങ്ങളെ സീസണ്‍ വരുമ്പോള്‍ മാത്രം ആരാധിക്കരുത്'; നഴ്‍സസ് ദിനത്തില്‍ നിര്‍മ്മല്‍ പാലാഴി

By Web TeamFirst Published May 12, 2020, 3:36 PM IST
Highlights

'ഇവിടെ നിപ്പയോ കൊറോണയോ അങ്ങനെയുള്ള എന്തെങ്കിലും മഹാവിപത്തുകള്‍ വരുമ്പോൾ പത്ര, ടിവി, സോഷ്യൽ മീഡിയകളിലൊക്കെ ഇവർ മനുഷ്യ രൂപമുള്ള മാലാഖമാർ. അതൊക്കെ കഴിഞ്ഞ് എല്ലാം ഒന്നു സെയ്‍ഫ് ആയാൽ അതേ മാലാഖമാർ തങ്ങളുടെ തുച്ഛമായ വരുമാനം ഒന്നു കൂട്ടി തരുവാൻ പൊരിവെയിലത്ത്‌ തെരുവിൽ കിടന്നു തൊണ്ട പൊട്ടിക്കുന്നുണ്ടാവും..'

നാട്ടില്‍ മഹാമാരി പോലെയുള്ള സാഹചര്യം വരുമ്പോള്‍ മാത്രമാണ് നഴ്‍സുമാര്‍ക്ക് വാഴ്‍ത്തുകള്‍ ലഭിക്കുന്നതെന്ന് നടന്‍ നിര്‍മല്‍ പാലാഴി. അല്ലാത്തപ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം കൂട്ടിക്കിട്ടാനുള്ള സമരങ്ങളിലായിരിക്കും അവരെന്നും നിര്‍മ്മല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ അപകടം പറ്റി കിടന്ന കാലത്തെ അനുഭവം ഓര്‍ത്ത് തനിക്ക് നഴ്‍സുമാരോടുള്ള കടപ്പാടിനെപ്പറ്റി പറയുകയാണ് മലയാളികളുടെ പ്രിയതാരം.

നിര്‍മ്മല്‍ പാലാഴി പറയുന്നു

കോഴിക്കോട് മിംസിൽ ആക്സിഡന്‍റ് പറ്റി കിടക്കുമ്പോൾ അന്നത്തെ ഓർമ്മ അത്ര ശരിയല്ലായിരുന്നു. അതുകൊണ്ടു തന്നെ ഒരു ഉറക്കത്തിൽ കണ്ടതുപോലെയുള്ള ഓർമ്മയേ ഉള്ളൂ. എന്നാലും ഡിസ്‍ചാര്‍ജ്ജ് ചെയ്തു വീട്ടിലെത്തി കുറച്ചു മാസങ്ങൾ കഴിഞ്ഞു മിംസിൽ ചെക്കപ്പിന് ചെന്നു. എന്‍റെ ചെക്കപ്പ് എന്നതിലുപരി ഇവരെയൊക്കെ ഒരിക്കൽകൂടി കാണാലോ എന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ. പക്ഷെ അവിടെയെത്തിയപ്പോൾ ഒട്ടുമിക്ക ആളുകളും വേറെ സ്ഥലത്തേക്ക് പോയി. അതൊരു വല്ലാത്ത സങ്കടം ആയിപ്പോയി. പിന്നെ ഒരു ആഗ്രഹം ഇവരെയൊക്കെ ഒരുമിച്ച് ഒരിക്കൽകൂടി കാണണമെന്നായിരുന്നു. ആകെയുള്ള ബന്ധം അനുശ്രീയുമായി മാത്രം. അനുശ്രീയുടെ ഫേസ്ബുക്കിലൂടെ ഞാൻ കുറേപ്പെരെ കണ്ടു. ഞാൻ അവർക്കൊക്കെ റിക്വസ്റ്റ് അയച്ചു. മെസഞ്ചറില്‍ ഞാൻ എന്നെ പരിചയപ്പെടുത്തി. അവരുടെയെല്ലാം നമ്പർ വാങ്ങിച്ച് ഒരു വാട്‍സ്ആപ് ഗ്രൂപ്പ് തുടങ്ങി- 'എന്‍റെ മാലാഖക്കൂട്ടം'. വീട്ടിൽ നൂറു വിഷമങ്ങൾ ഉണ്ടാവും. അതൊക്കെ മനസ്സിൽ ഒതുക്കിവച്ച്, മുന്നിൽ വന്നു കിടക്കുന്ന പല സ്വഭാവക്കാരായ രോഗികളെ വളരെ തുച്ഛമായ വരുമാനത്തിന് പൊന്നുപോലെ പരിച്ചരിക്കുന്ന ഇവരെ ആ പേരിട്ടു തന്നെയല്ലേ വിളിക്കേണ്ടത്. എന്‍റെ അടുത്തു ബന്ധമുള്ള ഒരു ആരോഗ്യ പ്രവർത്തകനോട് ഞാൻ ഇത് പറഞ്ഞപ്പോൾ ആള് പറഞ്ഞു, ഞങ്ങളൊക്കെ സീസണൽ ദൈവങ്ങൾ അല്ലെ നിർമ്മൽ... ആലോചിച്ചപ്പോൾ അതും ശരിയാണ്. ഇവിടെ നിപ്പയോ കൊറോണയോ അങ്ങനെയുള്ള എന്തെങ്കിലും മഹാവിപത്തുകള്‍ വരുമ്പോൾ പത്ര, ടിവി, സോഷ്യൽ മീഡിയകളിലൊക്കെ ഇവർ മനുഷ്യ രൂപമുള്ള മാലാഖമാർ. അതൊക്കെ കഴിഞ്ഞ് എല്ലാം ഒന്നു സെയ്‍ഫ് ആയാൽ അതേ മാലാഖമാർ തങ്ങളുടെ തുച്ഛമായ വരുമാനം ഒന്നു കൂട്ടി തരുവാൻ പൊരിവെയിലത്ത്‌ തെരുവിൽ കിടന്നു തൊണ്ട പൊട്ടിക്കുന്നുണ്ടാവും. അപ്പോൾ പറഞ്ഞത് ശരിയല്ലേ "സീസണൽ ദൈവങ്ങൾ".. ഇനിയെങ്കിലും ഈ ദൈവങ്ങളെ സീസൺ വരുമ്പോൾ മാത്രം ആരാധിക്കരുത്. ഈ ദൈവങ്ങൾ ജീവൻ തിരിച്ചു തന്ന ഒരു എളിയ ഭക്തന്‍റെ അപേക്ഷ.. Happy nurses Day..

click me!