
പല ഇതരഭാഷാ താരചിത്രങ്ങളും കേരളത്തില്‍ വന്‍ കളക്ഷന്‍ നേടുമ്പോഴും മലയാള സിനിമകള്‍ക്ക് ആളില്ലെന്ന ചര്‍ച്ചകള്‍ക്കിടെയാണ് രണ്ട് ചിത്രങ്ങള്‍ തിയറ്ററുകളിലെത്തി ആ ആശങ്കകളെ മൂടോടെ നീക്കിയത്. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാല, കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‍ത ന്നാ താന്‍ കേസ് കൊട് എന്നിവയാണ് ആ ചിത്രങ്ങള്‍. റിലീസിന്‍റെ നാലാം വാരത്തിലേക്ക് എത്തുമ്പോഴും ഈ ചിത്രങ്ങള്‍ മികച്ച സ്ക്രീന്‍ കൗണ്ടുമായി തുടരുകയാണ്.
ന്നാ താന്‍ കേസ് കൊട് ഓഗസ്റ്റ് 11നും തല്ലുമാല 12നുമാണ് തിയറ്ററുകളില്‍ എത്തിയത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രീ റിലീസ് അഡ്വാന്‍സ് ബുക്കിംഗ് ആണ് തല്ലുമാല നേടിയതെങ്കില്‍ റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം നേടിയത്. ആദ്യവാരാന്ത്യത്തില്‍ ഇരുചിത്രങ്ങളും റിലീസ് സെന്‍ററുകളില്‍ എമ്പാടും ഹൌസ്ഫുള്‍ പ്രദര്‍ശനങ്ങളോടെയാണ് പ്രദര്‍ശിപ്പിച്ചത്. എല്ലാത്തരത്തിലുള്ള വരുമാന മാര്‍ഗ്ഗങ്ങളും ചേര്‍ത്ത് ന്നാ താന്‍ കേസ് കൊട് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ തല്ലുമാലയുടെ ഔദ്യോഗിക കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടില്ല.
ALSO READ : ചേര്‍ത്തു പിടിക്കാം ഈ 'പാല്‍തു ജാന്‍വറി'നെ; മൂവി റിവ്യൂ
ഓണം റിലീസുകള്‍ എത്തിത്തുടങ്ങിയിട്ടും മികച്ച സ്ക്രീന്‍ കൗണ്ടോടെ ഈ രണ്ട് ചിത്രങ്ങളും പ്രദര്‍ശനം തുടരുകയാണ് എന്നതാണ് കൌതുകകരമായ വസ്തുത. മൂന്നാം വാരം കേരളത്തില്‍ 164 സ്ക്രീനുകള്‍ ഉണ്ടായിരുന്ന തല്ലുമാലയ്ക്ക് നാലാം വാരത്തില്‍ 110 സ്ക്രീനുകള്‍ ഉണ്ട്. മൂന്നാം വാരത്തില്‍ 170 സ്ക്രീനുകളാണ് കേരളത്തില്‍ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് ഉണ്ടായിരുന്നത്. നാലാം വാരത്തിലെ സ്ക്രീനുകളുടെ എണ്ണം 155 ആണ്.
ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാലയുടെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.
അതേസമയം അംബാസ് രാജീവന്‍ എന്ന മുന്‍ മോഷ്ടാവായി വേറിട്ട മേക്കോവറിലാണ് ചാക്കോച്ചന്‍ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.