വളര്‍ത്തുമൃ​ഗങ്ങളും ഉടമകളും തമ്മിലുള്ള ഊഷ്‍മളമായ ബന്ധത്തിന്‍റേതായ ഒരു ലോകത്തെക്കൂടി പരിചയപ്പെടുത്തുന്ന ചിത്രം ഓരോ ജീവനും മൂല്യമുള്ളതാണെന്നു കൂടിയാണ് പറയുന്നത്

സെമി റിയലിസ്റ്റിക് അവതരണത്തിലൂടെ മലയാള സിനിമയില്‍ ഒരു ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച സംവിധായക- തിരക്കഥാകൃത്ത് കൂട്ടുകെട്ടാണ് ദിലീഷ് പോത്തന്‍- ശ്യാം പുഷ്‍കരന്‍. അവര്‍ക്കൊപ്പം ഫഹദ് ഫാസില്‍ കൂടി ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണക്കമ്പനി ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രങ്ങളും ഈ ശ്രേണിയില്‍ പെടുന്നവയും വലിയ പ്രേക്ഷകശ്രദ്ധ നേടിയവയുമായിരുന്നു. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഈ ബാനറിന്‍റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു റിലീസിനു മുന്‍പ് പാല്‍തു ജാന്‍വറിന്‍റെ പ്രധാന ആകര്‍ഷണം. നവാ​ഗതനായ സം​ഗീത് പി രാജന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ മുന്‍ ചിത്രങ്ങളുടെ നിരയിലേക്ക് ചേര്‍ത്തുവെക്കാവുന്നതും അതേസമയം പ്രമേയത്തില്‍ ഏറെ വ്യത്യസ്‍തത പുലര്‍ത്തുന്ന ഒന്നുമാണ്.

ബേസില്‍ ജോസഫ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം താല്‍പര്യപ്രകാരമല്ലാതെ ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറുടെ ഉദ്യോ​ഗം സ്വീകരിക്കേണ്ടിവന്നയാളാണ് ബേസിലിന്‍റെ പ്രസൂണ്‍ എന്ന കഥാപാത്രം. മരണപ്പെട്ട അച്ഛന്‍ മുന്‍പ് ഈ ജോലി ചെയ്‍തിരുന്നയാളാണ് എന്നതാണ് വീട്ടുകാര്‍ക്ക് മകന്‍ ഈ ജോലി സ്വീകരിക്കണമെന്ന താല്‍പര്യത്തിനു കാരണം. സ്വന്തം ഇഷ്ടമനുസരിച്ച് തുടങ്ങിയ അനിമേഷന്‍ കമ്പനി നഷ്ടത്തില്‍ പൂട്ടിപ്പോയതിനാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് അയാള്‍ക്ക് വഴങ്ങേണ്ടിവരികയുമാണ്. ആദ്യത്തെ അപ്പോയിന്‍റ്മെന്‍റ് കുടിയാന്‍മല എന്ന മലയോര മേഖലയിലും. മൃ​ഗപരിപാലനം ഒരു പ്രധാന വരുമാനമാര്‍​​​​​​ഗമാക്കിയ കര്‍ഷകര്‍ നിറഞ്ഞ സ്ഥലത്തേക്ക് ഈ തൊഴിലില്‍ മുന്‍പരിചയമോ താല്‍പര്യമോ ഇല്ലാത്ത പ്രസൂണ്‍ എത്തുകയാണ്. തുടര്‍ന്ന് അയാള്‍ അവിടെ നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് രചയിതാക്കള്‍ ചിത്രത്തിന്‍റെ പ്ലോട്ട് രൂപപ്പെടുത്തിയിരിക്കുന്നത്. വിനോയ് തോമസും അനീഷ് അഞ്ജലിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഏച്ചുകെട്ടലുകളോ നി​ഗൂഢതകളോ ഇല്ലാതെ കഥ പറഞ്ഞുപോകുന്ന ചിത്രം പരിചരണത്തിലെ സൂക്ഷ്മതകൊണ്ടും ഉടനീളമുള്ള നര്‍മ്മത്തിന്‍റേതായ ഊഷ്മളതകൊണ്ടും ശ്രദ്ധേയമാണ്. സിറ്റ്വേഷണല്‍ ഹ്യൂമറിനെ രസകരമായി ഉപയോ​ഗപ്പെടുത്തിയുള്ളതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഇന്ദ്രന്‍സിനും ബേസില്‍ ജോസഫിനും ജോണി ആന്‍റണിക്കും ഷമ്മി തിലകനുമൊക്കെയൊപ്പം നിരവധി പുതുമുഖങ്ങളും ​ഗംഭീര പ്രകടനത്തിലൂടെ ആ മുഹൂര്‍ത്തങ്ങളെ ​ഗംഭീരമാക്കിയിട്ടുണ്ട്. കാര്യസാധ്യത്തിനായുള്ള ഇമോഷണല്‍ ബ്ലാക്ക്മെയിലിം​ഗ് ഒരു പതിവാക്കിയ, ഇന്ദ്രന്‍സിന്‍റെ വാര്‍ഡ് മെമ്പര്‍ കൊച്ച് ജോര്‍ജ് സാര്‍ സമീപകാലത്ത് മലയാളസിനിമയില്‍ കണ്ട ഏറ്റവും ​ഗംഭീര ക്യാരക്റ്റര്‍ സ്കെച്ച് ആണ്. സൂക്ഷ്മം എന്നതിനൊപ്പം ഏറെ പുതുമ തോന്നിപ്പിക്കുന്ന ആ കഥാപാത്രമായി ഇന്ദ്രന്‍സിലെ അഭിനേതാവ് നിറഞ്ഞാടിയിട്ടുമുണ്ട്. മറ്റൊരു രസകരമായ കഥാപാത്രം മണി ചെയിന്‍ മാതൃകയില്‍ ആരംഭിച്ച ഒരു കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മൃ​ഗഡോക്ടര്‍ എന്ന നിലയിലുള്ള തന്‍റെ ജോലി ചെയ്യാന്‍ സമയമില്ലാത്ത ഷമ്മി തിലകന്‍റെ ഡോ. സുനില്‍ ഐസക് ആണ്. ഷമ്മിയും ഇതുവരെ ചെയ്യാത്തതരം കഥാപാത്രമാണത്. അയല്‍വീട്ടിലെ പയ്യന്‍ ഇമേജിലുള്ള കഥാപാത്രങ്ങളെ മുന്‍പും നന്നായി അവതരിപ്പിച്ചിട്ടുള്ള ബേസില്‍ ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. ഭാരം കുറഞ്ഞ കഥാപാത്രങ്ങളെയാണ് അദ്ദേഹം മുന്‍പ് കൂടുതലും അവതരിപ്പിച്ചിട്ടുള്ളതെങ്കില്‍ കൂടുതല്‍ പ്രകടനസാധ്യത ആവശ്യപ്പെടുന്ന ഒന്നാണ് പ്രസൂണ്‍. ബേസില്‍ അത് മനോഹരമായി ചെയ്‍തിട്ടുണ്ട്. നടനെന്ന നിലയില്‍ വര്‍ത്തമാനകാല മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ ജോണി ആന്‍റണിക്ക് മികച്ച ക്യാരക്റ്റര്‍ റോളുകളിലേക്കുള്ള ഷിഫ്റ്റ് നല്‍കുന്നുണ്ട് ചിത്രത്തിലെ ക്ഷീരകര്‍ഷകന്‍റെ കഥാപാത്രം. 

ക്യാമറയ്ക്കു മുന്നില്‍ മൃ​ഗങ്ങളെ മാനേജ് ചെയ്യുക എന്നത് ഏത് സംവിധായകനെ സംബന്ധിച്ചും ചാലഞ്ചിം​ഗ് ആണ്. മൃഗപരിപാലനവും വളര്‍ത്തുമൃഗങ്ങളുടെ ലോകവുമൊക്കെ പ്രധാന പ്രമേയം തന്നെയാവുന്ന ഒരു ചിത്രം ആദ്യചിത്രമായി തന്നെ ചെയ്യാന്‍ തെരഞ്ഞെടുത്തു എന്നത് സംഗീത് പി രാജന്‍ എന്ന നവാഗത സംവിധായകന്‍റെ വലിയ ധൈര്യമാണ്. ഭാവന സ്റ്റുഡിയോസ് എന്ന ബാനറിനു പിന്നിലുള്ള കലാകാരന്മാരുടെ ആത്മവിശ്വാസം കൂടിയാണ് അത്. കഥപറച്ചിലിന്‍റെ സ്വാഭാവികതയിലേക്ക് മൃഗങ്ങള്‍ കൂടി ഭാഗഭാക്കാവുന്നത്, അതിനെ വിഷ്വലി സൂക്ഷ്മമായി അവതരിപ്പിക്കുന്നത് ഹൃദയഹാരിയായ ദൃശ്യാനുഭവമാണ്. മലയാളത്തില്‍ മികവുറ്റ സംവിധായകരുടെ ശ്രേണിയിലേക്ക് എത്തുന്ന പുതിയ അംഗത്വമായി പാല്‍തു ജാന്‍വര്‍ സംഗീത് പി രാജനെ അടയാളപ്പെടുത്തും.

സാങ്കേതിക മികവിന്‍റെ കാര്യത്തില്‍ ഒരിടത്തും കോംപ്രമൈസ് അനുഭവിപ്പിക്കുന്നില്ല ചിത്രം. അമല്‍ നീരദിന്‍റെ കൊമ്രേഡ് ഇന്‍ അമേരിക്കയും ജിസ് ജോയ്‍യുടെ വിജയ് സൂപ്പറും പൌര്‍ണമിയുമൊക്കെ ഷൂട്ട് ചെയ്‍ത രണദിവേയാണ് പാല്‍തു ജാന്‍വറിന്‍റെ ഛായാഗ്രാഹകന്‍. മഹേഷിന്‍റെ പ്രതികാരത്തില്‍ ഷൈജു ഖാലിദ് ഇടുക്കിടെ അവതരിപ്പിച്ച മനോഹാരിതയിലാണ് രണദിവെ ഇവിടെ കുടിയാന്‍മലയെ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ഛായാഗ്രഹണമോ പ്രൊഡക്ഷന്‍ ഡിസൈനോ ഗ്രാഫിക്സോ ഒന്നും പറയുന്ന വിഷയത്തിന് മുകളില്‍ കയറി കാണിയുടെ ശ്രദ്ധ കളയുന്നില്ല എന്നതാണ് എടുത്തുപറയേണ്ട വസ്‍തുത. 

വളര്‍ത്തുമൃ​ഗങ്ങളും ഉടമകളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍റെ ഒരു ലോകത്തെക്കൂടി പരിചയപ്പെടുത്തുന്ന ചിത്രം ഓരോ ജീവനും മൂല്യമുള്ളതാണെന്നു കൂടിയാണ് പറയുന്നത്. ആശയ തലത്തില്‍ ഗംഭീരമായിരിക്കുമ്പോള്‍ത്തന്നെ എക്സിക്യൂഷനില്‍ പരാജയപ്പെടാറുണ്ട് പലപ്പോഴും സിനിമകള്‍. അതിനു വിപരീതമാണ് പാല്‍തു ജാന്‍വര്‍. മികവുറ്റ തിരക്കഥയും അത്രതന്നെ മികവ് അനുഭവിപ്പിക്കുന്ന സംവിധാനവും ക്ലാസ് അനുഭവമാക്കുന്നു ഈ ചിത്രത്തെ. 

ALSO READ : 'പാല്‍തു ജാൻവര്‍' ഓണം കൊണ്ടുപോകുമോ?, ചിത്രം കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍