പഠാനെതിരെ ആദ്യം 'നിരോധന ഭീഷണി' മുഴക്കിയ ബിജെപി മന്ത്രി ഇപ്പോള്‍ പറയുന്നത്.!

By Web TeamFirst Published Jan 26, 2023, 3:33 PM IST
Highlights

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ ചില ഹിന്ദു സംഘടനകള്‍ പഠാന്‍ സിനിമയ്ക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. 

ഭോപ്പാല്‍:  നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ 'പഠാൻ' കഴിഞ്ഞ ദിവസം ആണ് തിയറ്ററുകളിൽ എത്തിയത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് വൻവരവേൽപ്പാണ് ലോകമെങ്ങുമുള്ള പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.  പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

നേരത്തെ ചിത്രത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങളും, സമരങ്ങളും തണുക്കുകയാണ് എന്നാണ് വിവരം. ഇതില്‍ ഏറ്റവും പ്രധാനം  പഠാന്‍റെ മധ്യപ്രദേശത്തിലെ പ്രദര്‍ശനം തന്നെ നിരോധിച്ചിച്ചേക്കും എന്ന സൂചന നേരത്തെ നല്‍കിയ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ പ്രതികരണമാണ്. പഠാന്‍ സിനിമയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നതില്‍ ഒരു കാര്യവും ഇല്ലെന്നാണ് ഇദ്ദേഹം ഇപ്പോള്‍ പറയുന്നു. ഉയര്‍ത്തിയ പ്രശ്നങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് പരിഹരിച്ചുവെന്നാണ് ഇദ്ദേഹം പറയുന്നത്. 

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ ചില ഹിന്ദു സംഘടനകള്‍ പഠാന്‍ സിനിമയ്ക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര.  "പഠാന്‍ സിനിമയില്‍ ആവശ്യപ്പെട്ട എല്ലാ തിരുത്തലുകളും നടത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നത്. സെൻസർ ബോർഡ് അതിനുള്ള ഇടപെടലുകള്‍ നടത്തി. വിവാദമായ വാക്കുകൾ നീക്കം ചെയ്തു. അതിനാൽ, ഇപ്പോൾ ചിത്രത്തിനെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം നടത്താനുള്ള ഒരു കാരണവും നിലവിലില്ല” മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ഇനിയും പ്രശ്നം സൃഷ്ടിക്കുന്ന പ്രതിഷേധങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.  'ബേഷാരം രംഗ്' എന്ന ഗാനത്തിന്റെ വരികൾ, പാട്ടിൽ ധരിച്ചിരിക്കുന്ന കാവി, പച്ച വസ്ത്രങ്ങൾ എന്നിവ മാറ്റേണ്ടതുണ്ട്. അല്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം മധ്യപ്രദേശില്‍ നടത്തണോ വേണ്ടയോ എന്ന് സര്‍ക്കാറിന് ആലോചിക്കേണ്ടിവരും'  എന്നാണ് നരോത്തം മിശ്ര മുന്‍പ് പറഞ്ഞത്. എന്നാല്‍ ചിത്രത്തില്‍ ഗാനത്തില്‍ ദീപികയുടെ വസ്ത്രത്തിന്‍റെ നിറത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. 

ഈ മാസം ആദ്യം ചലച്ചിത്രങ്ങള്‍ക്കെതിരെ പാര്‍ട്ടി നേതാക്കളും, പ്രവര്‍ത്തകരും നടത്തുന്ന പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതിനെക്കുറിച്ചും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര തന്‍റെ അഭിപ്രായം രേഖപ്പെടുത്തി. പ്രധാനമന്ത്രി ആരുടെയും പേര് പറഞ്ഞില്ലെന്നും. എന്നാല്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ മാര്‍ഗ്ഗനിര്‍ദേശമാണെന്നും നരോത്തം മിശ്ര പറഞ്ഞു. 

അതേ സമയം 100 കോടിയിലധികം രൂപയാണ് പഠാൻ ആദ്യദിനം നേടിയതെന്നാണ് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ കേരളത്തിൽ ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ മാത്രം 67 കോടിയും ലോകമെമ്പാടുമായി 100 കോടി നേടിയെന്നും വിലയിരുത്തലുകൾ ഉണ്ട്.

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

'ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്ശ്.....'; പഠാന് ആശംസയുമായി പ്രകാശ് രാജ്

തുടക്കം ഗംഭീരം, 'പഠാന്' ആദ്യ ദിവസം കേരളത്തില്‍ നിന്ന് നേടാനായത്

click me!