
കൊച്ചി: പ്രൈം വീഡിയോയിലെ ഏറെ ജനപ്രിയമായ വെബ് സീരീസ് 'പഞ്ചായത്ത്'ന്റെ നാലാം സീസൺ ജൂൺ 24ന് റിലീസ് ചെയ്തതിന് പിന്നാലെ ആരാധകർക്ക് ആവേശകരമായ വാർത്തയുമായി എത്തിയിരിക്കുകയാണ് റിങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി സാൻവിക.
ന്യൂസ് 18ന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ 'പഞ്ചായത്ത്' അഞ്ചാം സീസൺ തീർച്ചയായും വരുന്നുണ്ടെന്ന് സാൻവിക ഉറപ്പായി പറയുന്നു. തീർച്ചയായും ഇത് സംഭവിക്കും എന്നാണ് സീസൺ 5നെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷയ്ക്ക് മറുപടിയായി സാൻവിക പറഞ്ഞത്.
സാൻവികയുടെ വാക്കുകൾ പ്രകാരം, പഞ്ചായത്ത് സീസൺ 5ന്റെ തിരക്കഥ നിലവിൽ എഴുതികൊണ്ടിരിക്കുകയാണ് എന്നാണ് പറയുന്നത്. 2025 നവംബർ അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
"തിരക്കഥ എഴുത്ത് പുരോഗമിക്കുകയാണ്, ഒരുപക്ഷേ ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങും," സാൻവിക വെളിപ്പെടുത്തി. 2026-ന്റെ മധ്യത്തോടെ അല്ലെങ്കിൽ അവസാനത്തോടെ സീസൺ 5 പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നാലാം സീസണിൽ റിങ്കിയും (സാൻവിക) സചിവ് ജിയും (ജിതേന്ദ്ര കുമാർ) തമ്മിലുള്ള പ്രണയം കൂടുതൽ ആഴത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അഭിഷേക് ട്രിപാഠി എന്ന സചിവ് ജി, റിങ്കിക്ക് "ഐ ലവ് യൂ" എന്ന് ടെക്സ്റ്റ് അയക്കുകയും, റിങ്കി അതിന് "ഐ ലവ് യൂ ടൂ" എന്ന് മറുപടി നൽകുകയും ചെയ്യുന്ന ഹൃദയസ്പർശിയായ ഒരു രംഗം സീസൺ 4ന്റെ അവസാന എപ്പിസോഡിൽ കാണാം.
എന്നാൽ, അഭിഷേകിന്റെ കരിയർ തീരുമാനങ്ങളും ഫുലേര ഗ്രാമത്തിലെ ഭരണമാറ്റവും വലിയ സംഘര്‍ഷമാണ് അടുത്ത സീസണില്‍ ഉണ്ടാക്കുന്നത്. അതിനിടയില്‍ റിങ്കി സജീവ്ജി പ്രണയത്തിന്‍റെ ഭാവി എന്താകുമെന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർത്തുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ "നാലാം സീസൺ ആ രീതിയിൽ അവസാനിപ്പിച്ചത്, അടുത്ത സീസണിൽ ഈ കഥ എവിടേക്ക് പോകുമെന്ന് കാണിക്കാനാണ്" സാൻവിക പറഞ്ഞു.
2025 ജൂൺ 24ന് റിലീസ് ചെയ്ത 'പഞ്ചായത്ത്' സീസൺ 4, ജൂലൈ 2ന് ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും, ആരാധകരുടെ ആവേശത്തിന് മുന്നിൽ നേരത്തെ റിലീസ് ചെയ്യുകയായിരുന്നു. എന്നാൽ, ഈ സീസൺ സമിശ്ര റിവ്യൂകളാണ് നേടിയത്.