
ദില്ലി: സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രശംസ നേടിയെങ്കിലും വൈകാതെ തന്നെ അത് ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ പരം എന്ന കഥാപാത്രവും ജാൻവിയുടെ സുന്ദരി എന്ന കഥാപാത്രവും തമ്മിലുള്ള ഒരു പള്ളിയിലെ പ്രണയ രംഗത്തോടെയാണ് ചിത്രത്തിന്റെ ട്രെയിലർ ആരംഭിക്കുന്നത്. ഈ രംഗമാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
പള്ളിയിലെ റൊമാൻസ് രംഗങ്ങൾക്ക് എതിരെ വാച്ച്ഡോഗ് ഫൗണ്ടേഷൻ എന്ന ഒരു ക്രിസ്ത്യൻ സംഘടന രംഗത്തെത്തി. സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനെ ശക്തമായ പ്രതിഷേധം അറിയിച്ച സംഘടന ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി), മുംബൈ പൊലീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, മഹാരാഷ്ട്ര സർക്കാർ എന്നിവര്‍ക്ക് വാച്ച്ഡോഗ് ഫൗണ്ടേഷൻ കത്തയച്ചു.
ക്രിസ്ത്യാനികളുടെ പവിത്രമായ ആരാധനാലയമാണ് പള്ളി. അതിനെ അസഭ്യമായ ഉള്ളടക്കത്തിനുള്ള വേദിയായി ചിത്രീകരിക്കരുത്. ഈ ചിത്രീകരണം മതപരമായ ആരാധനാലയത്തിന്റെ ആത്മീയ പവിത്രതയെ അനാദരിക്കുക മാത്രമല്ല കത്തോലിക്കാ സമൂഹത്തിന്റെ മതവികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വാച്ച് ഡോഗ് ഫൗണ്ടേഷൻ കത്തയച്ചിരിക്കുന്നത്. അതേസമയം, 1952 ലെ സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം സ്ഥാപിതമായ സിബിഎഫ്സി കലാപരമായ ആവിഷ്കാരവും മതവികാരങ്ങളോടുള്ള ബഹുമാനവും ഒരുപോലെ കണക്കിലെടുത്ത് വേണം സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകാനെന്ന് വാച്ച് ഡോഗ് ഫൗണ്ടേഷൻറെ അഡ്വക്കേറ്റ് ഗോഡ്ഫ്രെ പിമെന്റ പറഞ്ഞു.
സിനിമയിൽ നിന്നും പ്രൊമോഷണൽ വീഡിയോകളിൽ നിന്നും രംഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പൊതുജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വാച്ച്ഡോഗ് ഫൗണ്ടേഷൻ മുന്നറിയിപ്പ് നൽകി. കത്തോലിക്കാ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയതിന് പ്രധാന അഭിനേതാക്കൾ, സംവിധായകൻ, നിർമ്മാതാവ് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് മൽഹോത്രയും ജാൻവി കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പരം സുന്ദരി. പരം എന്ന പഞ്ചാബി യുവാവിന്റെ വേഷത്തിലാണ് സിദ്ധാർത്ഥ് എത്തുന്നത്. ജാൻവി കപൂർ അവതരിപ്പിക്കുന്ന സുന്ദരി എന്ന കഥാപാത്രം ഒരു ദക്ഷിണേന്ത്യൻ പെൺകുട്ടിയാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതാണ് കഥാപശ്ചാത്തലം. ഭാഷ, സാംസ്കാരിക പശ്ചാത്തലങ്ങൾ എന്നിവയെ മറികടക്കുന്ന അവരുടെ പ്രണയകഥയുടെ ഒരു നേർക്കാഴ്ചയാണ് ട്രെയിലർ നൽകുന്നത്. തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന പരം സുന്ദരിയിൽ രാജീവ് ഖണ്ഡേൽവാൾ, ആകാശ് ദഹിയ, മൻജോത് സിംഗ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം 2025 ഓഗസ്റ്റ് 29 ന് തിയേറ്ററുകളിൽ എത്തും.