'ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുടെ കൂടെയാണ് എന്റെ ഹൃദയം'; പൂർണിമ ഇന്ദ്രജിത്ത്

By Web TeamFirst Published Mar 28, 2020, 12:00 PM IST
Highlights

മറ്റുള്ളവരോട് പെരുമാറുന്ന രീതിയിലൂടെയാണ് നമ്മുടെ കടപ്പാട് പ്രകടമാക്കുന്നതെന്നും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ അവരെ നമുക്ക് സഹായിക്കാമെന്നും പൂർണിമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
 

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് ലോക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ദുരിതത്തിലായത് അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന ദിവസ വേതനക്കാരാണ്. നാളേയ്ക്കായി ഒന്നും മാറ്റിവയ്ക്കാതെ സഹജീവികളായ ഇവരെയും ഓരോരുത്തരും പരി​ഗണിക്കണമെന്ന് ഓർമ്മപ്പെടുത്തുകയാണ് നടി പൂർണിമ ഇന്ദ്രജിത്ത്.

മറ്റുള്ളവരോട് പെരുമാറുന്ന രീതിയിലൂടെയാണ് നമ്മുടെ കടപ്പാട് പ്രകടമാക്കുന്നതെന്നും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ അവരെ നമുക്ക് സഹായിക്കാമെന്നും പൂർണിമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

പൂർണിമ ഇന്ദ്രജിത്തിന്റ ഫേസ്ബുക്ക് പോസ്റ്റ്

ഈ മഹാമാരിയുടെ കാലത്ത്, മലക്കാലത്തേക്കായി പണം മിച്ചം വയ്ക്കാൻ സാധിക്കാത്തവരുടെ കൂടെയാണ് എന്റെ ഹൃദയം, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ദിവസ വേതനക്കാരുടെ കൂടെയാണ്. തീർച്ചയായും ഇത് അനിശ്ചിതത്വത്തിന്റെ സമയമാണ്. വൈകാരിക തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന ചില സഹജീവികളെ നാം കണ്ടേക്കാം. ചിലപ്പോൾ അവര്‍ ഉത്കണ്ഠയും നിരാശയും കോപവും ദു:ഖവും പ്രകടിപ്പിക്കുമായിരിക്കും.

ഇത്തരം വികാരങ്ങൾ ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാക്കുക. അവരുടെ നിലനില്‍പ്പിന്റെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ഭയം, ജീവിക്കാന്‍ കഴിയുന്നില്ലെന്ന ഭയം, അവരുടെ കുടുംബത്തിന്റെ ഏറ്റവും ചെറിയ ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവില്ലെന്ന ഭയം.

ഇവരുടെ പോരാട്ടം യഥാർത്ഥമാണ്. പ്രബലരായി ജനിക്കാത്തവരുടെ പോരാട്ടം. അവരോട്  നമുക്ക് ദയയും പരിഗണനയുംപുലര്‍ത്താം. ഇന്ന് നമ്മൾ ജീവിക്കുന്ന ജീവിതത്തോട് കടപ്പാട് പ്രകടിപ്പിക്കാന്‍ ഒരു നിമിഷമെടുക്കാം. നമ്മുടെ അനുഗ്രഹങ്ങളെ എണ്ണുക .. കാരണം നമ്മള്‍ ഭാഗ്യവാന്മാരാണ്, മറ്റുള്ളവരോട് പെരുമാറുന്ന രീതിയിലൂടെയാണ് നമ്മുടെ കടപ്പാട് പ്രകടമാക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ അവരെ നമുക്ക് സഹായിക്കാം.. ഇതാകട്ടെ പുതിയ തുടക്കത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്.

click me!