
ലോകമലയാളികള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടമാണ് ടി 20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ നേടിയത്. അവസാന മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന്‍റ ചിറകിലേറിയാണ് ഇന്ത്യ വിജയകിരീടം ചൂടിയത്. ഒപ്പം ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്കാരവും സഞ്ജുവിന് ആയിരുന്നു. ഈ ലോകകപ്പിലെതന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കളിക്കാരനും സഞ്ജു ആയിരിക്കും. മലയാളിയെന്നോ തമിഴനെന്നോ ഉത്തരേന്ത്യക്കാരനെന്നോ ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിനെ ആഘോഷിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇപ്പോഴിതാ സഞ്ജുവിനെക്കുറിച്ച് താന്‍ പങ്കുവച്ച ഒരു റീല്‍ നേടിയ കാഴ്ചകളെക്കുറിച്ച് അറിയിച്ചിരിക്കുകയാണ് നടി പ്രാചി തെഹ്‍ലാന്‍.
ഞായറാഴ്ച നടന്ന ഫൈനലിന് പിന്നാലെ സഞ്ജു സംസാരിക്കുമ്പോള്‍ പ്രാചി ചിത്രീകരിച്ച റീല്‍ ആണ് ഇത്. ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി ധരിച്ച് നില്‍ക്കുന്ന പ്രാചിക്ക് പിന്നിലായി ടെലിവിഷന്‍ സ്ക്രീനില്‍ അവതാരകന്‍റെ ചോദ്യത്തിന് മറുപടി പറയുന്ന സഞ്ജുവിനെ കാണാം. വീഡിയോയ്ക്കൊപ്പം പലരും പറഞ്ഞ ഒരു താരതമ്യം പ്രാചി തെഹ്‍ലാനും വാക്കുകളായി കുറിച്ചിരുന്നു. അത് ഇപ്രകാരമായിരുന്നു- ചില കളിക്കാര്‍ മത്സരങ്ങള്‍ ജയിക്കും. മറ്റു ചിലര്‍ ബഹുമാനം നേടും. ധോണിക്ക് ശേഷം ഇദ്ദേഹം അത് രണ്ടും സാധിച്ചിരിക്കുന്നു. സഞ്ജു ചേട്ട, എന്നാണ് റീലിനൊപ്പം പ്രാചി തെഹ്‍ലാന്‍ കുറിച്ചത്. 25 മണിക്കൂര്‍ കൊണ്ട് 25 മില്യണ്‍ (2.5 കോടി) കാഴ്ചകളാണ് തന്‍റെ ഈ റീല്‍ നേടിയതെന്ന് പ്രാചി അറിയിച്ചു. ആളുകള്‍ ഇപ്പോഴും അത് കണ്ടുകൊണ്ടിരിക്കുകയാണെന്നും.
അതേസമയം ഈ മാസം 28 ന് ആരംഭിക്കുന്ന ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയാണ് സഞ്ജു കളത്തിലിറങ്ങുന്നത്. സഞ്ജുവിന്‍റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് ആണ് ടൂര്‍ണമെന്‍റില്‍ ചെന്നൈയുടെ ആദ്യ എതിരാളി എന്ന കൗതുകവും ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഉണ്ട്.
നടി എന്നതിന് പുറമെ നെറ്റ്ബോള്‍, ബാസ്കറ്റ് ബോള്‍ താരവുമാണ് പ്രാചി തെഹ്‍ലാന്‍. ഇന്ത്യയുടെ ദേശീയ നെറ്റ്ബോള്‍ ടീമിന്‍റെ ക്യാപ്റ്റനും ആയിരുന്നു. മമ്മൂട്ടി നായകനായ മാമാങ്കത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. പുറത്തിറങ്ങിയിട്ടില്ലാത്ത റാം, വരാഹം എന്നീ ചിത്രങ്ങളിലും പ്രാചി അഭിനയിച്ചിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ