ശാന്തിവിള ദിനേശിന്‍റെ ആരോപണങ്ങളില്‍ പ്രതികരണവുമായി ജോജു ജോര്‍ജ്

വരവ് സിനിമയുടെ സെറ്റില്‍ നടന്‍ താന്‍ മോശമായി പെരുമാറിയെന്ന ശാന്തിവിള ദിനേശിന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി ജോജു ജോര്‍ജ്. ഷാജി കൈലാസ് സംവിധാനം ചെയ്ത വരവ് സിനിമയുടെ സെറ്റില്‍ ജോജു ജോര്‍ജ് 16 ഫോണുകള്‍ തല്ലി പൊട്ടിച്ചെന്നും ഫോണില്‍ സംസാരിക്കുമ്പോള്‍ ദേഷ്യം വന്നാലും സെറ്റില്‍ ദേഷ്യം വന്നാലും ജോജു അത് ഫോണിലാണ് തീര്‍ക്കുകയെന്നും സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. തന്‍റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു ശാന്തിവിളയുടെ ആരോപണം. ഇപ്പോഴിതാ ഈ ആരോപണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോജു ജോര്‍ജ്. ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തവെ യുട്യൂബ് ചാനലുകാരുടെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കായിരുന്നു ജോജു ജോര്‍ജിന്‍റെ പ്രതികരണം. 

“16 ഫോണ്‍ തല്ലിപ്പൊളിച്ചുവെന്ന്. ഞാന്‍ ആരാ 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍. 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ 16 ദിവസം വേണ്ടേ? ഇതിലെ ഡാറ്റ മാറ്റണമെങ്കില്‍ത്തന്നെ സമയം വേണ്ടേ? ആകെ 10- 40 ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഒരു മര്യാ​ദ വേണ്ടേ പറയുന്നതിനൊക്കെ. എനിക്ക് വരുന്ന പ്രൊഡ്യൂസേഴ്സിനെ മുടക്കുകയാണ്”, ജോജു ജോര്‍ജ് പറഞ്ഞു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വാര്‍ത്ത ആവുന്നതിനെക്കുറിച്ചും ജോജു പറഞ്ഞു- “ഞാന്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ വാര്‍ത്തയാക്കിക്കോളൂ. ദയവായി ഒരു കാര്യം വരുമ്പോള്‍ അതിന്‍റെ വസ്തുത മനസിലാക്കി പോസ്റ്റ് ചെയ്യൂ. ഇതൊക്കെ ചെയ്യുമ്പോള്‍ നമ്മളെ ബാധിക്കുകയാണ്”, ജോജു ജോര്‍ജ് പറയുന്നു.

“എന്നെ വിശ്വസിച്ച് പടം ചെയ്യാന്‍ വരുന്നവര്‍ക്ക് ഞാനൊരു പ്രശ്നക്കാരനാണെന്ന തോന്നല്‍ സൃഷ്ടിക്കുകയാണ്. എന്നെ വ്യക്തിഹത്യ ചെയ്യുകയാണ് ഇവര്‍. ഞാനൊരു മോശം വ്യക്തിയാണ്. ഞാന്‍ ഭയങ്കര പ്രശ്നക്കാരനാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. ഞാന്‍ ജോഷി സാറുമായിട്ട് മൂന്നാമത്തെ പടം ചെയ്യാന്‍ പോവുകയാണ്. ഞാന്‍ പ്രശ്നക്കാരനാണെങ്കില്‍ സാര്‍ ചെയ്യുമോ? മുന്‍പ് ചെയ്ത സംവിധായകരുടെയൊപ്പം തന്നെയാണ് ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്നെ വിളിക്കുമോ? ഞാന്‍ 31 വര്‍ഷമായി. 150 സിനിമകളോളം ഞാന്‍ അഭിനയിച്ചു. 11 സിനിമകള്‍ ഞാന്‍ നിര്‍മ്മിച്ചു. എന്‍റെ പണി പഠിച്ച്, മനസിലാക്കി ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു പിആര്‍ വര്‍ക്ക് ഒന്നും നടത്തിയല്ലല്ലോ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്‍റെ വര്‍ക്ക് കണ്ടിട്ട് ജനങ്ങള്‍ തരുന്ന പിന്തുണയില്‍ മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഇത് നിങ്ങളോട് സംസാരിക്കുന്നത് തന്നെ എന്‍റെ ഗതികേട് കൊണ്ടാണ്”, ജോജു ജോര്‍ജിന്‍റെ വാക്കുകള്‍.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming