നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ചവരെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് മോഹൻലാലിൻ്റെ മകൾ വിസ്മയക്ക് നേരെ സൈബർ ആക്രമണം.

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ജന്ദർ മന്തറിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന സിജെപിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ച മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാലിനെതിരെ സൈബർ അറ്റാക്ക്. 'സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നത്?' എന്നായിരുന്നു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് പങ്കുവച്ചുകൊണ്ട് വിസ്മയ ചോദിച്ചത്. ഇതിന് പിന്നാലെ വലിയ സൈബർ അറ്റാക്കുകളാണ് താരത്തിന് നേരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

"എമ്പുരാൻ സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ മതി, പഹൽഗാമിൽ തീവ്രവാദി ആക്രമണം നടന്നപ്പോൾ എവിടെയായിരുന്നു, ലാലേട്ടന്റെ പേര് കളഞ്ഞല്ലോ ചേച്ചി, തുടക്കം തന്നെ പാളിയല്ലോ..." എന്നുതുടുങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് വിസ്മയക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. വിസ്മയ ആദ്യമായി നായികയായി എത്തുന്ന ജൂഡ് ആന്റണി ജോസഫ് ചിത്രം 'തുടക്കം' തിയേറ്ററുകിൽ എത്താൻ പോവുകയാണ്. മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവച്ച തുടക്കം പോസ്റ്ററിന് കീഴിലും വലിയ രീതിയിലുള്ള വിദ്വേഷ കമന്റുകളാണ് വരുന്നത്.

അതേസമയം ഓഗസ്റ്റ് 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മോഹൻലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു. നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങില്ല എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരാ സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു.

YouTube video player