
പ്രണയകഥ പറയുന്ന ചിത്രങ്ങള്‍ കുടുംബ പ്രേക്ഷകരും ഏറ്റെടുക്കുന്നത് അപൂര്‍വ്വമാണ്. പക്ഷേ അത്തരത്തില്‍ സ്വീകാര്യത ലഭിക്കുന്നപക്ഷം അവ വിജയതീരത്തേക്ക് നീങ്ങാറുമുണ്ട്. പ്രണയ വിലാസം എന്ന ചിത്രമാണ് മലയാള സിനിമയില്‍ അത്തരത്തില്‍ ചര്‍ച്ചയാവുന്ന പുതിയ ചിത്രം. യുവപ്രേക്ഷകര്‍ക്കൊപ്പം കുടുംബങ്ങളും ചിത്രം കാണാന്‍ എത്തുന്നുണ്ട്.
പല കാലങ്ങളിലെ പല പ്രണയങ്ങളിലൂടെയാണ് സിനിമയുടെ കഥ നീങ്ങുന്നത്. പഴയ തലമുറയായാലും പുതിയ തലമുറയായാലും പ്രണയത്തിന്‍റെ വൈകാരിക തലങ്ങളൊക്കെ ഒന്നു തന്നെയാണെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു. ഒരു അച്ഛൻ, അമ്മ, അവരുടെ മകൻ, മകന്‍റെ പ്രണയിനി, അച്ഛന്‍റെ മുൻ പ്രണയിനി, അമ്മയുടെ കാമുകൻ എന്നിങ്ങനെ ആറു പേരുടെ ജീവിതവഴികളിലെ പ്രണയകാലങ്ങളാണ് സിനിമയുടെ പ്രമേയം. കൊച്ചു കൊച്ചു നർമ്മങ്ങളും വൈകാരികമായ മുഹൂർത്തങ്ങളുമൊക്കെ ചേർത്ത് ഏറെ ഹൃദയസ്പർശിയായ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് കുടുംബപ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലളിതമായി പറഞ്ഞുപോകുന്ന കഥാഗതിയിൽ പല പല പ്രണയങ്ങള്‍ കാണിക്കുന്നുണ്ട്. അവയിൽ ചിലത് ഗൃഹാതുരമായ പഴയകാല പ്രണയകാലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതാണ്. ആദ്യ പകുതിയിൽ സൗഹൃദവും പ്രണയവും കുടുംബവുമൊക്കെയാണെങ്കിൽ രണ്ടാം പകുതിയിൽ അച്ഛൻ - മകൻ ആത്മബന്ധവും ഒരു പ്രണയത്തിന് പുറകെയുള്ള അന്വേഷണവുമൊക്കെ കടന്നുവരുന്നുണ്ട്.
നവാഗതനായ നിഖിൽ മുരളിയുടെ സംവിധാനത്തിലെത്തിയിരിക്കുന്ന ചിത്രത്തിന് ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. അർജുൻ അശോകൻ, മമിത, കെ.യു. മനോജ്, ശ്രീധന്യ, മിയ ജോർജ്, ഹക്കിം ഷാ, അനശ്വര രാജൻ, ശരത് സഭ തുടങ്ങി നിരവധി താരങ്ങളാണുള്ളത്. ഷാൻ റഹ്മാന്‍ ആണ് സംഗീതം. കണ്ണൂരിലെ നാട്ടുഭാഷയുടെ ലാളിത്യവും സിനിമയെ മനോഹരമാക്കുന്നുണ്ട്. ഷിനോസിൻ്റെ മനോഹരമായ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്.
ബിനു നെപ്പോളിയന്‍റെ എഡിറ്റിംഗും മനോഹരമായൊരു ദൃശ്യഭാഷ സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരെഴുതിയ ഗാനങ്ങളും ഷാൻ റഹ്മാന്‍റെ സംഗീതവും സിനിമയുടെ ആത്മാവ് തന്നെയാണ്. ചാവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ALSO READ : രൗദ്ര ഭാവത്തില്‍ 'ചെങ്ക റെഡ്ഡി'; വില്ലന്‍ റോളില്‍ തെലുങ്ക് അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ