സായ് ധരം തേജിന്‍റെ സഹോദരന്‍ പഞ്ച വൈഷ്ണവ് തേജ് ആണ് നായകന്‍

തമിഴിനു പിന്നാലെ തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്. നവാഗതനായ എന്‍ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രമുഖ ബാനറുകളായ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ലുക്കിനൊപ്പമാണ് താരത്തിന്‍റെ തെലുങ്ക് അരങ്ങേറ്റം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് ജോജു അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തിന്‍റെ പേര്. സായ് ധരം തേജിന്‍റെ സഹോദരന്‍ പഞ്ച വൈഷ്ണവ് തേജിന്‍റെ കരിയറിലെ നാലാമത്തെ ചിത്രമാണ് വരുന്നത്. ബ്രൗണ്‍ നിറത്തിലുള്ള ഒരു ഷര്‍ട്ട് ധരിച്ച് ഒരു കൈയില്‍ ആയുധവും മറുകൈയില്‍ സിഗരറ്റ് ലൈറ്ററുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ജോജുവിന്റെ നില്‍പ്പ്. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ജോജുവിന്‍റെ ഏറ്റവും പുതിയ ചിത്രം ഇരട്ടയ്ക്ക് അഭിനന്ദനങ്ങളും പുറത്തെത്തിയ തെലുങ്ക് പോസ്റ്ററില്‍ ഉണ്ട്. 

Scroll to load tweet…

മലയാളത്തിന് പുറത്ത് തമിഴില്‍ മാത്രമാണ് ജോജു ഇതിന് മുന്‍പ് അഭിനയിച്ചിട്ടുള്ളത്. ജഗമേ തന്തിരം, ആന്തോളജി ചിത്രം പുത്തം പുതു കാലൈ വിടിയാതാ, ബഫൂണ്‍ എന്നിവയാണ് തമിഴില്‍ അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍. അതേസമയം തിയറ്റര്‍ റിലീസില്‍ കാര്യമായി ശ്രദ്ധിക്കപ്പടാതെപോയ ഇരട്ട നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ടോപ്പ് 10 ല്‍ ഇടംപിടിച്ചിട്ടുണ്ട്. മാര്‍ച്ച് 3 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ടോപ്പ് 10 ലിസ്റ്റില്‍ (ഇംഗ്ലീഷ്-ഇതര) നിലവില്‍ പത്താം സ്ഥാനത്താണ്. ഈ വാരം മാത്രം 13 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ് ചിത്രത്തിന് ലഭിച്ചത്. 

ALSO READ : 'നോട്ട് നിരോധന ഫാന്‍സും തീപിടുത്ത ഫാന്‍സും'; ബ്രഹ്‍മപുരത്തില്‍ വിമര്‍ശനവുമായി ആഷിഖ് അബു