
തീയേറ്ററുകളില്‍ ആദ്യ വാരം പിന്നിടുംമുന്‍പ് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ തുടങ്ങിവച്ചതാണ് സംഭവിക്കാന്‍ സാധ്യതയുള്ള ഒരു 'ലൂസിഫര്‍ 2'നെക്കുറിച്ചുള്ള ചര്‍ച്ചകള്‍. ഒട്ടനേകം കഥാപാത്രങ്ങളും നായക കഥാപാത്രത്തിന്റേതുള്‍പ്പെടെ ഇനിയും പറയാത്ത ഉപകഥകള്‍ക്കുള്ള സാധ്യതകളും 'ഇല്യൂമിനാറ്റി' പോലെയുള്ള റഫറന്‍സുകളും പ്രേക്ഷകര്‍ക്കിടയില്‍ ലൂസിഫറിന്റെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി. തിരക്കഥാകൃത്തായ മുരളി ഗോപി ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചില അഭിമുഖങ്ങളില്‍ മറുപടി പറഞ്ഞിരുന്നു. മുരളിഗോപി പലപ്പോഴായി പറഞ്ഞത് ഇങ്ങനെ ചുരുക്കാം..
ലൂസിഫര്‍ എന്നത് ഒരു ഫ്രാഞ്ചൈസിന്റെ (ഏടുകള്‍) സ്‌റ്റൈലില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സാധനമാണ്. അതിനെക്കുറിച്ചുള്ള ബോധ്യത്തില്‍ തന്നെയാണ് ഞാനും പൃഥ്വിയും ലൂസിഫര്‍ ചെയ്തിരിക്കുന്നത്. പക്ഷേ ഇത് സംബന്ധിച്ചുള്ള മറ്റ് അറിയിപ്പുകളൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ല.
എന്നാല്‍ ഒരാഴ്ച മുന്‍പ് ലൂസിഫര്‍ രണ്ടാംഭാഗത്തേക്കുറിച്ച് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരു ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റും മുരളി ഇട്ടിരുന്നു. 'The wait... won't be too 'L'ong.' എന്നായിരുന്നു അത്. ഇത് ലൂസിഫര്‍ രണ്ടാംഭാഗത്തെക്കുറിച്ചുള്ള സ്റ്റാറ്റസ് തന്നെയാണ് എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വായിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകന്‍ പൃഥ്വിരാജ് ആദ്യമായി മറുപടി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ വെളിപ്പെടുത്തല്‍.
ലൂസിഫര്‍ രണ്ടാംഭാഗം സംഭവിക്കുമെന്ന ഉറപ്പൊന്നും പൃഥ്വി പറയുന്നില്ല. മറിച്ച് അത്തരത്തിലൊന്ന് സംഭവിക്കണമെങ്കില്‍ മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്യുന്നു. താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു രണ്ടാംഭാഗം മലയാളത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കുമോ എന്ന് അദ്ദേഹം സംശയിക്കുന്നുണ്ട്. ഒപ്പം നടന്‍ എന്ന രീതിയിലുള്ള തിരക്കുകള്‍ക്കിടയില്‍ അതിനുള്ള സമയം കണ്ടെത്തേണ്ടിവരുന്നതിനെക്കുറിച്ചും.. പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ..
ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അത്തരത്തിലൊന്ന് മലയാളത്തില്‍ ചെയ്യാനാവുമോ എന്ന കാര്യമാണ് ആദ്യം പരിഗണിക്കാനുള്ളത്. അത്തരത്തിലൊന്ന് നിര്‍മ്മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുംമുന്‍പ് അതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ഗൗരവമുള്ള ആത്മപരിശോധനയും ചര്‍ച്ചകളും വിശകലനവും ആവശ്യമുണ്ട്.
അഭിനേതാവ് എന്ന നിലയില്‍ എട്ട് മാസത്തെ ഇടവേളയെടുത്താണ് പൃഥ്വി ലൂസിഫര്‍ ചിത്രീകരിച്ചത്. നടനെന്ന നിലയില്‍ സ്വയം ലഭ്യമാക്കേണ്ട സമയത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. 'പ്രാഥമികമായും ഞാനൊരു അഭിനേതാവാണ്. ലൂസിഫറിന് ഒരു രണ്ടാംഭാഗം സംഭവിക്കുകയാണെങ്കില്‍, അത് കൂടുതല്‍ വലിപ്പമുള്ള, കൂടുതല്‍ പരിശ്രമം ആവശ്യമുള്ള സിനിമയായിരിക്കും. ഇനി ഞാന്‍ രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രം ഏതാണെങ്കിലും, അഭിനയിക്കുന്ന സിനിമകള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന സമയം ഉപയോഗപ്പെടുത്തി വേണം അതിലേക്ക് പ്രവേശിക്കാന്‍. എന്റെ അടുത്ത സംവിധാന പരിശ്രമത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യം അതാണ്', പൃഥ്വി വ്യക്തമാക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ