തീയേറ്ററുകളിലെത്തി ആദ്യവാരം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ആരംഭിച്ചതാണ് 'ലൂസിഫറി'ന് ഒരു രണ്ടാംഭാഗം ഉണ്ടാവുമോ എന്ന കാര്യം. തിരക്കഥാകൃത്തും സംവിധായകനും സിനിമയില്‍ അവിടവിടെ 'ഒളിപ്പിച്ചുവച്ച' ഘടകങ്ങള്‍ കണ്ടെത്തി അത്തരമൊരു സീക്വലിന്റെ സാധ്യതയെ ഉറപ്പിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ലൂസിഫറിന് രണ്ടാംഭാഗം ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ മുരളി ഗോപി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

''ലൂസിഫര്‍ എന്നത് ഒരു ഫ്രാഞ്ചൈസിന്റെ (ഏടുകള്‍) സ്‌റ്റൈലില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സാധനമാണ്. അതിനെക്കുറിച്ചുള്ള ബോധ്യത്തില്‍ തന്നെയാണ് ഞാനും പൃഥ്വിയും ലൂസിഫര്‍ ചെയ്തിരിക്കുന്നത്. പക്ഷേ ഇത് സംബന്ധിച്ചുള്ള മറ്റ് അറിയിപ്പുകളൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ല..'' എന്നാല്‍ ഇപ്പോഴിതാ മുരളി ഗോപി മറ്റൊന്ന് കൂടി പറയുന്നു.

അത്തരമൊരു സീക്വലിനായുള്ള കാത്തിരിപ്പ് അധികം നീളില്ല എന്നാണ് അത്. ഫേസ്ബുക്കിലെഴുതിയ ഒരു ചെറു വാക്യത്തിലൂടെയാണ് മുരളി ഗോപിയുടെ പുതിയ പ്രതികരണം. "The wait.. won't be too 'L'ong" എന്നാണ് അത്. മുരളി ഗോപി പറയുന്നത് 'ലൂസിഫര്‍' രണ്ടാംഭാഗത്തെക്കുറിച്ച് തന്നെയാണെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. ഫേസ്ബുക്ക് പോസ്റ്റിന് താഴെ അത്തരത്തിലുള്ള പ്രതികരണങ്ങളാണ് മുരളി ഗോപിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.