'ഈ സിനിമയെക്കുറിച്ച് എനിക്കറിയാം; മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്

By Web TeamFirst Published Apr 22, 2019, 11:57 AM IST
Highlights

"ഈ സിനിമ എന്തിനെക്കുറിച്ചാണെന്ന് എനിക്കറിയാം.. അതിനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പത്തെക്കുറിച്ചും അറിയാം!"

ഈസ്റ്റര്‍ ദിനത്തില്‍ മലയാളികള്‍ കൗതുകത്തോടെ കേട്ട വാര്‍ത്തയായിരുന്നു മോഹന്‍ലാല്‍ സംവിധായകനാവാന്‍ പോകുന്നു എന്ന വിവരം. തന്റെ ബ്ലോഗിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 'ബറോസ്സ്-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢരചനയാണ് ഇതെന്ന് മോഹന്‍ലാലിന്റെ സാക്ഷ്യം. മോഹന്‍ലാല്‍ സംവിധായകനാവുന്നുവെന്ന വാര്‍ത്തയെ സിനിമാമേഖലയില്‍ നിന്ന് ആഹ്ലാദത്തോടെ സ്വീകരിച്ച ഒരാള്‍ പൃഥ്വിരാജ് ആണ്. ഈ ചിത്രത്തെക്കുറിച്ച് തനിക്ക് അറിയാമെന്ന് പറയുന്നു പൃഥ്വിരാജ്. മോഹന്‍ലാല്‍ സംവിധായകനാവുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പ് കഠിനമെന്നും..

'ഈ സിനിമ എന്തിനെക്കുറിച്ചാണെന്ന് എനിക്കറിയാം.. അതിനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പത്തെക്കുറിച്ചും അറിയാം! അതിനായി കാത്തിരിക്കാന്‍ ആവുന്നില്ല ലാലേട്ടാ. എല്ലാ ആശംസകളും നേരുന്നു.ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളിലൊന്നായ ജിജോ സാറിന്റെ മലയാളസിനിമയിലേക്കുള്ള തിരിച്ചുവരവില്‍ ഒരു ഭാഗമാവുന്നതിനും നന്ദി. ബറോസ്സ്.. ഒരു മോഹന്‍ലാല്‍ ചിത്രം',

പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: മോഹൻലാൽ ഇനി സംവിധായകൻ! ഒരുക്കുന്നത് ബിഗ് ബജറ്റ് 3ഡി ചിത്രം

തന്നെ നായകനാക്കി, സംവിധായകനായി പൃഥ്വിരാജ് അരങ്ങേറിയ 'ലൂസിഫര്‍' തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് മോഹന്‍ലാലിന്റെ പുതിയ പ്രഖ്യാപനം. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ഒരു പ്രോജക്ടിനെക്കുറിച്ച് പൃഥ്വിരാജ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത് മുന്‍പ് ദൃശ്യത്തിന്റെ ചിത്രീകരണത്തിന് മുന്‍പായിരുന്നു. പൃഥ്വിരാജ് നായകനായ മെമ്മറീസിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദൃശ്യം. മെമ്മറീസിന്റെ ചിത്രീകരണത്തിനിടെ ജീത്തുവില്‍ നിന്ന് ദൃശ്യത്തിന്റെ കഥയറിഞ്ഞ പൃഥ്വിരാജ് ആ ചിത്രം പൂര്‍ത്തിയായിക്കാണാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ദൃശ്യത്തിന്റെ കഥയറിഞ്ഞ തനിക്ക് മോഹന്‍ലാല്‍ നായകനായി ആ ചിത്രം പുറത്തുവരുന്നത് കാണാനായി കാത്തിരിക്കാനാവുന്നില്ല എന്നായിരുന്നു അന്ന് പൃഥ്വിയുടെ വാക്കുകള്‍.

click me!