'പൃഥ്വിരാജ് ഒന്നും വെറുതെ പറയാറില്ല': പഠാന്‍ സംബന്ധിച്ച ആ വാക്കുകളും സത്യമായി.!

By Web TeamFirst Published Jan 28, 2023, 8:34 AM IST
Highlights

രണ്ട് ദിവസം കൊണ്ട് 200 കോടിയിലേറെ കളക്ഷന്‍ പഠാന്‍ നേടി. ഈ വന്‍ വിജയം പഠാന്‍ നേടുമ്പോഴാണ് ഒരു മാസം മുന്‍പ് മലയാളത്തിന്‍റെ സൂപ്പര്‍ താരം പൃഥ്വിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. 

മുംബൈ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് കാത്തിരിക്കുകയാണ് ഇത്തരത്തില്‍ ഒരു ചിത്രത്തിനായി. റിലീസ് ദിനത്തില്‍ നിറയെ ഹൌസ്‍ഫുള്‍ ഷോകള്‍ കളിക്കുന്ന, ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ അഡീഷണല്‍ ഷോകള്‍ വേണ്ടിവരുന്ന ഒരു ചിത്രം. ബോളിവുഡിലെ ഹിറ്റ്മാന്‍ അക്ഷയ് കുമാറിനും മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനുമൊന്നും സാധിക്കാതിരുന്ന കാര്യം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാന്‍, സാക്ഷാല്‍ ഷാരൂഖ് ഖാന്‍. റിപബ്ലിക് റിലീസ് ആയി എത്തിയ പഠാന്‍ ആഗോളതലത്തില്‍ തന്നെ ബോക്സ് ഓഫീസില്‍ വന്‍ തിരയടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

രണ്ട് ദിവസം കൊണ്ട് 200 കോടിയിലേറെ കളക്ഷന്‍ പഠാന്‍ നേടി. ഈ വന്‍ വിജയം പഠാന്‍ നേടുമ്പോഴാണ് ഒരു മാസം മുന്‍പ് മലയാളത്തിന്‍റെ സൂപ്പര്‍ താരം പൃഥ്വിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. തുടര്‍ച്ചയായി  കൊവിഡിനു ശേഷം പഴയ മട്ടിലുള്ള വന്‍ ഹിറ്റുകള്‍ ആവര്‍ത്തിക്കാന്‍ ബോളിവുഡിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഹിന്ദി സിനിമാ വ്യവസായത്തെക്കുറിച്ചുള്ള തന്‍റെ പ്രതീക്ഷയാണ് അന്ന്  പൃഥ്വിരാജ് സുകുമാരന്‍ പങ്കുവെച്ചത്. ബോളിവുഡിന് തിരിച്ചുവരാന്‍ ഒരൊറ്റ ചിത്രം മതിയെന്നാണ് അന്ന്. ഫിലിം കമ്പാനിയന്‍റെ ചര്‍ച്ചയില്‍ പങ്കെടുക്കവെ പൃഥ്വിരാജിന്‍റെ പ്രതികരണം.

ഒരു കാലത്ത് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഞങ്ങള്‍ ബോളിവുഡ് സിനിമകളെക്കുറിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് അവര്‍ ഇത്രയും വലിയ വിജയങ്ങള്‍ ഉണ്ടാക്കുന്നതെന്നും വിദേശ മാര്‍ക്കറ്റുകളിലേക്ക് കടന്നുകയറുന്നതെന്നും. അക്കാലം ഒരുപാട് പിന്നിലല്ല. ബോളിവുഡ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഒരു ഘട്ടമാണ്. ഒരു വലിയ ഹിറ്റ് സംഭവിക്കും. ചിലപ്പോള്‍ അത് പഠാന്‍ ആയേക്കാം, പൃഥ്വിരാജ് പറഞ്ഞു.

ഇപ്പോള്‍ പൃഥ്വിയുടെ ഈ വാക്കുകള്‍ വീണ്ടും ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. പലപ്പോഴും ടിവി അഭിമുഖങ്ങളില്‍ പൃഥ്വി പറയാറുള്ള അഭിപ്രായങ്ങള്‍ ട്രോളായി മാറാറുണ്ട്. എന്നാല്‍ പലതും താരം ബോധ്യത്തോടെ ഉന്നയിക്കുന്ന കാര്യങ്ങളാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് പഠാന്‍ സംബന്ധിച്ച പരാമര്‍ശം. 

അടുത്തിടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ അടുത്ത പത്ത് വർഷത്തെക്കുള്ള സിനിമകളുടെ വൺലൈൻ തനിക്ക് അറിയാമെന്ന് പൃഥ്വിരാജ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ ചിലര്‍ ഇതിനെ ട്രോളിയിരുന്നു. പക്ഷെ ലോകേഷ് തന്നെ ഇത് വിശദീകരിച്ചതോടെ പൃഥ്വിയുടെ വാക്കുകള്‍ ശരിയാണ് എന്ന് മനസിലായി. 

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്‍ ലോകേഷിന്‍റെ പ്രതികരണം."ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ വർക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. ആ സമയത്ത് അദ്ദേഹത്തിനോട് അടുത്തത് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നതിന്റെ ഒരു ലൈൻ അപ്പ് പറഞ്ഞിരുന്നു. അത് കേട്ട് അന്ന് അദ്ദേഹം എക്സൈറ്റഡ് ആയി. ശരിക്കും അടുത്ത പത്ത് വർഷത്തേക്ക് നിങ്ങൾക്ക് വേറെ കഥയൊന്നും എഴുതണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞിരുന്നു", എന്നാണ് ലോകേഷ് പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ നിറയുകയാണ്. 

അതേസമയം, കാപ്പ ആണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസംബര്‍ 22 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഒടിടി പ്രീമിയര്‍ നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 19 ന് ആയിരുന്നു. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. 

2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. വിശാല്‍ ശേഖറാണ് സംഗീത സംവിധാനം. 

"പഠാന്‍റെ പേര് ഇന്ത്യന്‍ പഠാന്‍ എന്ന് വേണമായിരുന്നു" ; ഷാരൂഖിന്‍റെ പടം ഓടുന്നത് പത്ത് കൊല്ലത്തിന് ശേഷം: കങ്കണ

സല്‍മാന്‍ മാത്രമല്ല, ഷാരൂഖിന്‍റെ പഠാന് ഒരു ആമിര്‍ ഖാന്‍ കണക്ഷനും ഉണ്ട്.!

click me!