Asianet News MalayalamAsianet News Malayalam

സല്‍മാന്‍ മാത്രമല്ല, ഷാരൂഖിന്‍റെ പഠാന് ഒരു ആമിര്‍ ഖാന്‍ കണക്ഷനും ഉണ്ട്.!

തന്‍റെ ചിത്രത്തിലെ പ്രകടനത്തെ പുകഴ്ത്തി ആരാധകരുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നിഖത് ഖാൻ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Did you know Afghani woman in Pathaan is actually Aamir Khan's sister Nikhat
Author
First Published Jan 27, 2023, 9:15 PM IST

മുംബൈ: സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ച് എത്തുന്ന നിമിഷങ്ങള്‍ ഉണ്ടെന്നത് പഠാന്‍ എന്ന വിജയ ചിത്രത്തിന്‍റെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. റിലീസ് ദിവസം വരെ അണിയറക്കാര്‍ നേരിട്ട് വെളിപ്പെടുത്തിയില്ലെങ്കിലും സല്‍മാന്‍റെ സാന്നിധ്യം റൂമറായി രംഗത്തുണ്ടായിരുന്നു. എന്തായാലും സല്‍മാന്‍റെ ചിത്രത്തിലെ ക്യാമിയോ ചിത്രത്തിന് ഗുണം ചെയ്തു.

എന്നാല്‍ ഷാരൂഖിന്‍റെ  പഠാന്‍ ചിത്രത്തിന് ആമിർ ഖാനുമായും ഒരു കണക്ഷന്‍ ഉണ്ടെന്ന്  പലർക്കും അറിയില്ല. ആമിറിന്‍റെ മൂത്ത സഹോദരിയായ നിഖത് ഖാൻ ഹെഗ്‌ഡെ, ഷാരൂഖിനൊപ്പം പഠാനില്‍ ഒരു നിര്‍ണ്ണായക രംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. 

തന്‍റെ ചിത്രത്തിലെ പ്രകടനത്തെ പുകഴ്ത്തി ആരാധകരുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നിഖത് ഖാൻ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധകര്‍ പങ്കുവച്ച പോസ്റ്റുകളാണ് ഇവര്‍ തന്‍റെ സ്റ്റോറിയില്‍ ലൌ ഇമോജിയോടെ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഷാരൂഖിന്‍റെ കഥാപാത്രമായ പഠാനെ രക്ഷകനായി കാണുന്ന അഫ്ഗാന്‍ ഗ്രാമത്തിലെ ഒരു സ്ത്രീയായാണ് ചിത്രത്തില്‍ നിഖത് ഖാൻ എത്തുന്നത്. ചിത്രത്തില്‍ വളരെ ഇമോഷണലും, ഒപ്പം പ്രധാന്യമുള്ളതുമായ രംഗമാണ് ഇത്. 

ഒരു നിര്‍മ്മാതാവ് എന്ന നിലയിലായിരുന്നു ആമിറിന്‍റെ മുതിര്‍ന്ന സഹോദരിയായ  നിഖത് ഖാൻ  ബോളിവുഡില്‍ ആദ്യകാലത്ത് സാന്നിധ്യമായത്. തും മേരെ ഹോ (1990), ഹം ഹേ രാഹി പ്യാർ കെ (1993), മധോഷ് (1994), ലഗാൻ (2001) തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു ഇവര്‍. 

2019ലാണ് ഇവര്‍ അഭിനയ രംഗത്തേക്ക് വരുന്നത്. മിഷൻ മംഗൾ (2019), സാന്ദ് കി ആംഖ് (2019), താനാജി: ദി അൺസങ് വാരിയർ (2020) എന്നീ ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചു. താനാജി എന്ന ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷം ചെയ്ത സെയ്ഫ് അലി ഖാന്‍റെ അമ്മയായാണ് ഇവര്‍  അഭിനയിച്ചത്. സ്‌പെഷ്യൽ ഓപ്‌സ് 1.5: ദി ഹിമ്മത് സ്റ്റോറി, ഗിൽറ്റി മൈൻഡ്‌സ്, ഹഷ് ഹഷ് എന്നീ വെബ് സീരീസുകളിലും നിഖത് ഖാൻ  അഭിനയിച്ചിട്ടുണ്ട്. 

2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. വിശാല്‍ ശേഖറാണ് സംഗീത സംവിധാനം. 

റിപ്പബ്ലിക്ക് ദിനത്തില്‍ ബോക്സ് ഓഫീസ് അടക്കി ഭരിച്ച് കിംഗ് ഖാന്‍; പഠാന്‍ ഡേ 2 കളക്ഷന്‍ പുറത്ത്.!

'ഒരു 57കാരന്‍റെ ഉപദേശമാണ് അത്'; പഠാന്‍ റിലീസിനു ശേഷം ഷാരൂഖ് ഖാന്‍റെ ആദ്യ പ്രതികരണം
 

Follow Us:
Download App:
  • android
  • ios