Prithviraj movie postponed : ഒമിക്രോണ്‍; അക്ഷയ് കുമാറിന്‍റെ 'പൃഥ്വിരാജ്' റിലീസ് നീട്ടി

By Web TeamFirst Published Jan 4, 2022, 6:31 PM IST
Highlights

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം

അക്ഷയ് കുമാര്‍ (Akshay Kumar) നായകനാവുന്ന ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ ചിത്രം 'പൃഥ്വിരാജി'ന്‍റെ (Prithviraj film) റിലീസ് മാറ്റി. 2020 ദീപാവലി റിലീസ് ആയി എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന സിനിമയുടെ ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ അനിശ്ചിതമായി നീണ്ടിരുന്നു. അവസാനം ജനുവരി 21ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതും ഒമിക്രോണിന്‍റെ കടന്നുവരവുമാണ് കാരണം. പുതിയ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. ഷാഹിദ് കപൂര്‍ നായകനായ 'ജേഴ്സി', എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങള്‍ നേരത്തെ റിലീസ് മാറ്റിയിരുന്നു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ സാമൂഹിക ജീവിതത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് പല സംസ്ഥാനങ്ങളും. സിനിമാ തിയറ്ററുകള്‍ അടയ്ക്കുകയാണെന്ന് ദില്ലി സര്‍ക്കാര്‍ ഡിസംബര്‍ 28ന് പ്രഖ്യാപിച്ചിരുന്നു. തിയറ്ററുകളിലെ 50 ശതമാനം പ്രവേശനം കര്‍ശനമായി നടപ്പാക്കാന്‍ മഹാരാഷ്ട്രയും തമിഴ്നാടും തീരുമാനിച്ചിരുന്നു. ഈ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ജേഴ്സിയും ആര്‍ആര്‍ആറും ഇപ്പോള്‍ പൃഥ്വിരാജുമൊക്കെ റിലീസ് നീട്ടിയിരിക്കുന്നത്. ബോക്സ് ഓഫീസില്‍ ഉറപ്പായും മികച്ച വിജയം നേടുമെന്ന് കരുതപ്പെടുന്ന ചിത്രങ്ങള്‍ ഈ പരീക്ഷണ സമയത്ത് ഇറക്കാനാവില്ലെന്ന് തീരുമാനമെടുക്കുകയാണ് നിര്‍മ്മാതാക്കള്‍.

Release of starrer produced by has been postponed due to rising cases.
pic.twitter.com/jSM9TpuA67

— Sreedhar Pillai (@sri50)

ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നുണ്ടോ എന്നറിയാന്‍ അവസാന നിമിഷം വരെ തങ്ങള്‍ കാത്തിരിക്കുകയായിരുന്നെന്ന് പൃഥ്വിരാജിന്‍റെ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‍തു. 'സൂര്യവന്‍ശി'ക്കു ശേഷം അക്ഷയ് കുമാറിന്‍റെ ബോക്സ് ഓഫീസ് ഹിറ്റ് ആവും എന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണിത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് ഹിന്ദി സിനിമാപ്രേമികളെ തിരിച്ചുവിളിച്ച ചിത്രമായിരുന്നു സൂര്യവന്‍ശി. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് പൃഥ്വിരാജിന്‍റെ സംവിധാനം. മുന്‍ മിസ് വേള്‍ഡ് മാനുഷി ഛില്ലാറിന്‍റെ സിനിമാ അരങ്ങേറ്റവുമാണ് ഈ ചിത്രം.

click me!