
പൃഥ്വിരാജ് നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം 'കാപ്പ'യാണ്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കടുവ' എന്ന വൻ ഹിറ്റിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്നതിനാല്‍ പ്രേക്ഷകര്‍ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാപ്പ'. 'കാപ്പ'യുടെ ഒരു പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്.
'കാപ്പ'യുടെ ആദ്യത്തെ ടീസര്‍ നാളെ വൈകുന്നേരം ഏഴ് മണിക്ക് പുറത്തുവിടുമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ നാല്‍പ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ടീസര്‍ പുറത്തുവിടുന്നത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് 'കാപ്പ'.
'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ട് പൃഥ്വിരാജ് അഭിനയിച്ച 'കടുവ' ബോക്സ് ഓഫീസില്‍ 50 കോടിയലിധികം കളക്റ്റ് ചെയ്‍തിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു നിര്‍മ്മാണം. 'ആദം ജോണി'ന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിച്ചിരിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
Read More: 'രണ്ടു പ്രാവശ്യം കണ്ടു', 'കാന്താര'യെ വാനോളം പുകഴ്ത്തി പ്രഭാസ്