'കാന്താര'യുടേത് മികച്ച കണ്‍സെപ്റ്റും ത്രില്ലിംഗ് അനുഭവവുമെന്ന് പ്രഭാസ്.
'കെജിഎഫി'ന് ശേഷം മറ്റൊരു കന്നഡ ചിത്രം കൂടി രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 'കാന്താര' എന്ന ചിത്രമാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച 'കാന്താര' ഹിന്ദിയടക്കമുള്ള മറ്റ് ഭാഷകളിലും പ്രേക്ഷകരിലേക്കും എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ 'കാന്താര' കണ്ട് അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രഭാസ്.
'കാന്താര' കണ്ട കാര്യം സാമൂഹ്യമാധ്യമത്തിലൂടെയാണ് പ്രഭാസ് അറിയിച്ചത്. 'കാന്താര' രണ്ടാം തവണയും കണ്ടു, എന്ത് അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് പ്രഭാസ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
'കാന്താര' മലയാളം ഒക്ടോബര്‍ 20ന് റിലീസ് ചെയ്യുമെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താര'യെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?. വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു. എന്തായാലും മറ്റ് ഭാഷകളിലേക്കും 'കാന്താര' എത്തുന്നതോടെ ബോക്സ് ഓഫീസിലും അത് വലിയ മാറ്റങ്ങള്‍ സൃഷ്‍ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. രണ്ടാം തിങ്കളാഴ്ചയിലെ കളക്ഷന്‍ റിലീസ് ദിനത്തേതിനേക്കാള്‍ മുകളിലാണെന്ന് ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More: ട്വിസ്റ്റുകളാല്‍ അമ്പരപ്പിച്ച് രാഷ്‍ട്രീയ കരുനീക്കങ്ങളുടെ 'വരാല്‍', റിവ്യു
