
ഇന്നത്തെ കാലം മുന്നോട്ടുവെക്കുന്ന അവസരങ്ങളെ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളെ പര്യാപ്തരാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമല്ല നമ്മുടേതെന്ന് പൃഥ്വിരാജ്. പരീക്ഷകളില്‍ മികവ് കാട്ടിയ വിദ്യാര്‍ഥികള്‍ക്ക് ഹൈബി ഈഡന്‍ എംപി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു പൃഥ്വി. മികച്ച വിജയം നേടാതെ പോയ വിദ്യാര്‍ഥികള്‍ക്കും പ്രചോദനമാവേണ്ട ദിവസമാണ് ഇതെന്നും വിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമുള്ള ഒരാളാണ് വിശിഷ്ടാതിഥി ആയത് എന്നതാണ് അതിന് കാരണമെന്നും പൃഥ്വി പറഞ്ഞു.
'പഠനത്തിലെ മികവിനെ അംഗീകരിക്കുന്ന ദിവസമാണ് ഇത്. പരീക്ഷകളില്‍ എ പ്ലസും റാങ്കുമൊക്കെ കിട്ടിയ കുട്ടികളെ അഭിനന്ദിക്കുന്ന ദിവസം. ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം കോളേജില്‍ ചേരുകയും കോളേജ് പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പുതന്നെ അത് നിര്‍ത്തി സിനിമാഭിനയത്തിലേക്ക് വരുകയും ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് ഒരു അക്കാദമിക് കരിയര്‍ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാനൊരു ഉത്തമ ഉദാഹരണമല്ല എന്ന് കരുതുന്ന ആളാണ് ഞാന്‍', പൃഥ്വിരാജ് പറഞ്ഞു.
'ജീവിതത്തില്‍ ഒരിക്കല്‍പ്പോലും നിങ്ങള്‍ക്ക് (a+b)2 എന്താണ് എന്ന് ആലോചിക്കേണ്ടിവരില്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ എന്തിനാണീ പരീക്ഷ എന്നൊരു ചോദ്യം വളരെ പ്രസക്തമായി നമുക്ക് മുന്നിലുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് മുന്നില്‍ ഒരു ദൗത്യമുണ്ടാവും. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് ഇപ്പോള്‍ എനിക്ക് മുന്നിലുള്ള ദൗത്യം. അതുപോലെ നിങ്ങളുടെ മുന്നില്‍ വന്ന ദൗത്യമായിരുന്നു ഈ പരീക്ഷ. ആ ദൗത്യത്തോട് നിങ്ങള്‍ കാണിച്ച പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് നിങ്ങള്‍ക്ക് കിട്ടുന്ന എ പ്ലസും റാങ്കുമൊക്കെ. ജീവിതത്തില്‍ ഇനി മുന്നിലെത്തുന്ന ദൗത്യങ്ങളോടും ഇതേ പ്രതിബദ്ധതയാണ് വേണ്ടത്', പൃഥ്വി പറഞ്ഞു.
'കാലഹരണപ്പെട്ട കുറെ ചട്ടങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇപ്പോഴുമുണ്ടെന്നും പൃഥ്വിരാജ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വെക്കുന്ന തൊഴില്‍ മേഖലകള്‍ നാമമാത്രമാണ്. പക്ഷേ ഇന്നത്തെ കാലം അതല്ല. ഇന്ന് പുറത്ത് ഇവിടെ ഒരു ഡ്രോണ്‍ പറക്കുന്നത് നിങ്ങള്‍ കണ്ടുകാണും. അത് പറപ്പിക്കുന്ന ചെറുപ്പക്കാരന്‍ ഇവിടെ ഉണ്ടാവും. അയാള്‍ക്ക് ആ ജോലിക്ക് ദിവസം 10,000 മുതല്‍ 20,000 വരെ കിട്ടും. അതായത് മാസം 5-6 ലക്ഷം രൂപ വരുമാനം. ആ ശമ്പളം ഒരു എംപിക്കോ കളക്ടര്‍ക്കോ ഇല്ലെന്ന് ഓര്‍ക്കണം.' കുട്ടികളുടെ മുന്നിലുള്ള പുതിയ തൊഴില്‍ സാധ്യതകളെക്കുറിച്ച് രക്ഷിതാക്കള്‍ ബോധമുള്ളവരാകേണ്ട കാലമാണിതെന്നും പൃഥ്വി പറഞ്ഞു.
താന്‍ ആ കാര്യത്തില്‍ ഭാഗ്യവാനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വിദേശ യൂണിവേഴ്‌സിറ്റിയില്‍ ബിരുദത്തിന് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് സിനിമയാണ് തന്റെ വഴിയെന്ന് തോന്നിയതെന്നും കോഴ്‌സ് പാതിയില്‍ നിര്‍ത്താനുള്ള താല്‍പര്യം പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചുവെന്നും പൃഥ്വി പറഞ്ഞു. 'അതാണ് നിന്റെ വഴിയെന്ന് നിനക്കുറപ്പുണ്ടെങ്കില്‍ കോഴ്‌സ് അവസാനിപ്പിക്കുന്നതില്‍ ആശങ്കയൊന്നും വേണ്ടെന്നാണ് അമ്മ അന്ന് പറഞ്ഞത്. ഇന്ന് ഇവിടെ ഇല്ലാത്ത കുട്ടികളോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ഈ ദിവസം തന്നെയാണ് എന്നാണ്. കാരണം എ പ്ലസ്സും റാങ്കും കിട്ടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത് ഒരു പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിക്കാരനുമാണ്', വിദ്യാര്‍ഥികളുടെ കൈയടികള്‍ക്കിടെ പൃഥ്വിരാജ് പറഞ്ഞവസാനിപ്പിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ