തമിഴകത്ത് രണ്ടാം വരവിന് പ്രിയങ്ക; 'കാനല്‍ നീറു'മായി എത്തും

By Web TeamFirst Published Sep 2, 2019, 7:30 PM IST
Highlights

രാജ ഗജിനി സംവിധാനം ചെയ്ത  "ഉട്രൻ " ആണ് പ്രിയങ്കയുടെ റിലീസാവാനുള്ള മറ്റൊരു തമിഴ് ചിത്രം. .ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ കോളേജ്‌ അധ്യാപികയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്

വസന്തബാലൻ ചിത്രം 'വെയില്‍'ലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക നായർ. വിലാപങ്ങൾക്കപ്പുറത്തിലൂടെ മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരമടക്കം നേടിയ പ്രിയങ്ക തമിഴകത്തും കന്നഡയിലുമെല്ലാം സ്വീകാര്യത നേടിയിരുന്നു. ഇടക്കാലത്ത് സിനിമകളില്‍ നിന്ന് വിട്ടുനിന്ന താരം ഇപ്പോള്‍ തമിഴകത്ത് രണ്ടാം വരവിനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ 'ജലം' എന്ന സിനിമയുടെ തമിഴ് പതിപ്പിലൂടെയാകും പ്രിയങ്കയുടെ രണ്ടാം വരവ്.

ജലത്തിലെ സീതലക്ഷ്മിയെന്ന പ്രിയങ്കയുടെ കഥാപാത്രത്തിന് വലിയ നിരൂപക പ്രശംസ നേടാനായിരുന്നു. മലയാളത്തിലെ മികച്ച സംവിധായക ഗണത്തിൽപെടുന്ന എം പദ്മകുമാർ സംവിധാനം ചെയ്ത ജലം നിരവധി ദേശീയ അന്തർദേശിയ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിരുന്നു. ഏരീസ് പ്രൊഡക്ഷനിൽ സോഹൻ റോയ് നിർമിച്ച 'ജലം' സെപ്റ്റംബർ രണ്ടാം വാരം 'കാനൽ നീർ' എന്ന പേരിലാണ് തമിഴകത്തെത്തുന്നത്. എസ് സുരേഷ് ബാബുവിന്റെ തിരക്കഥയിൽ, ഔസേപ്പച്ചൻ സംഗീതം പകര്‍ന്ന് ഒരുങ്ങിയ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയാണ്.

മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ്‌ നേടിക്കൊടുത്ത 'വിലാപങ്ങൾക്കപ്പുറം', ഭൂമി മലയാളം, ലീല എന്നീ സിനിമകൾ പോലെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ജലത്തിലെ സേതുലക്ഷ്മിയെന്നാണ് പ്രിയങ്കാ നായർ പറയുന്നത്. രാജ ഗജിനി സംവിധാനം ചെയ്ത  "ഉട്രൻ " ആണ് പ്രിയങ്കയുടെ റിലീസാവാനുള്ള മറ്റൊരു തമിഴ് ചിത്രം. .ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ കോളേജ്‌ അധ്യാപികയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്.

click me!