
സുന്ദർ സി പിൻമാറിയതിനെ തുടർന്ന് ആരായിരിക്കും രജനികാന്ത്- കമൽ ഹാസൻ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നതെന്ന ചർച്ചകൾ സജീവമാണ്. 'പാർക്കിങ്ങ്' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവായ രാംകുമാർ ബാലകൃഷ്ണൻ രജനിയോട് കഥ പറഞ്ഞുവെന്നും, ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ നിതിലൻ സാമിനാഥന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. കുരങ്ങു ബൊമ്മൈ, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് നിതിലൻ സാമിനാഥൻ. നേരത്തെ ധനുഷിന്റെ പേരും ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായിരുന്നു.
'രജനിക്ക് ഇഷ്ടപെടുന്ന കഥ ലഭിക്കും വരെ അന്വേഷണം തുടരും. സുന്ദറിന് പറയാനുള്ളത് വാർത്താക്കുറിപ്പായി ഇറങ്ങി. ഇനി സഹകരിക്കില്ല' എന്നായിരുന്നു സുന്ദർ സിയുടെ പിന്മാറ്റത്തിൽ ചിത്രത്തിന്റെ നിർമ്മാതാവായ കമൽ ഹാസൻ മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ ലോകേഷ് കനകരാജ്, വെങ്കട് പ്രഭു, പ്രദീപ് രംഗനാഥൻ എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നതിനിടെയായിരുന്നു സുന്ദർ സിയുടെ രംഗപ്രവേശം. എന്നാൽ തിരക്കഥയിൽ മാസ്സ് രംഗങ്ങൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുന്ദർ സി ചിത്രത്തിൽ നിന്നും പിന്മാറിയെതെന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്.
നവംബര്‍ 5ന് ആയിരുന്നു തലൈവര്‍ 173യുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2027 പൊങ്കല്‍ റിലീസായി വരുന്ന ചിത്രം സുന്ദര്‍ സി ആയിരിക്കും സംവിധാനം ചെയ്യുകയെന്നും അറിയിച്ചിരുന്നു. എന്നാല്‍ നവംബര്‍ 13ന് ചിത്രത്തില്‍ നിന്നും പിന്മാറിയതായി സുന്ദര്‍ സി അറിയിച്ചു.
താന്‍ ഏറ്റവും ബഹുമാനിക്കുന്ന രണ്ട് പേരാണ് രജനിയും കമൽഹാസനുമെന്നും വിലമതിക്കാനാവാത്ത ചില പാഠങ്ങളാണ് അവര്‍ തനിക്ക് നല്‍കിയെന്നും സുന്ദർ സി പറഞ്ഞിരുന്നു. രജനികാന്തിന്‍റെ നായകനാക്കി അരുണാചലം എന്ന ചിത്രം സംവിധാനം ചെയ്തത് സുന്ദര്‍ സി ആയിരുന്നു. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയത് അന്‍പേ ശിവമാണ്. രാജ്കമല്‍ ഫിലിംസിന്‍റെ 44-ാം വര്‍ഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് തലൈവര്‍ 173.