ഹിമാലയ തീര്‍ഥാടനം കഴിഞ്ഞ് രജനികാന്ത് തിരിച്ചെത്തി, ആരാധകരുടെ ഊഷ്‍മള സ്വീകരണത്തിന്റെ വീഡിയോ

By Web TeamFirst Published Oct 19, 2019, 6:12 PM IST
Highlights

ഹിമാലയ തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ രജനികാന്തിനെ കാണാൻ ആരാധകര്‍ എത്തിയതിന്റെ വീഡിയോ.


തമിഴകത്തെ സ്റ്റൈല്‍ മന്നൻ രജനികാന്ത് രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ്. ഹിമാലയ തീര്‍ഥാടനത്തിന് പോയി തിരിച്ചുവന്ന രജനികാന്തിനെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തില്‍ നിരവധി പേരാണ് എത്തിയത്.

Here's the video.... Thalaivaaaaaaaa🔥🔥🔥🔥❤️❤️ pic.twitter.com/qwRoKZsg5G

— Viswa (@itsViswaa)

രജനികാന്തിനൊപ്പം സെല്‍ഫിയെടുക്കാനും താരത്തിന്റെ ഫോട്ടോ എടുക്കാനും വലിയ തിരക്കായിരുന്നു. രജനികാന്തിനെ സ്വീകരിക്കുന്ന വീഡിയോയും ആരാധകര്‍ പുറത്തുവിട്ടിട്ടുണ്ട്. രജനിക്കൊപ്പമുള്ള ഫോട്ടോയും ആരാധകര്‍ ഷെയര്‍ ചെയ‍്തിരിക്കുന്നു. ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതിനു ശേഷമാണ് രജനികാന്ത് ഹിമാലയ തീര്‍ഥാടനത്തിന് പോയത്. സിനിമകള്‍ പൂര്‍ത്തിയായതിനു ശേഷം ഹിമാലയ തീര്‍ഥാടനം നടത്തുന്ന പതിവുണ്ട് രജനികാന്തിന്. സുഹൃത്ത് ഹരിയും മകള്‍ ഐശ്വര്യയും രജനികാന്തിനൊപ്പം ഹിമാലയ തീര്‍ഥാടനത്തിന് പോയിരുന്നു.അതേസമയം ദര്‍ബാറില്‍ ആദിത്യ അരുണാചലം എന്നായിരിക്കും രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര് എന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ദര്‍ബാറിന് ശേഷം, ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയുടെ ചിത്രത്തിലാണ്  രജനികാന്ത് അഭിനയിക്കുക.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

എ ആര്‍ മുരുഗദോസ് ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!