
മെഗാ പവർ സ്റ്റാർ രാം ചരണും സൂപ്പർഹിറ്റ് സംവിധായകൻ സുകുമാറും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന് ഹൈദരാബാദിൽ പൂജാ ചടങ്ങുകളോടെ തുടക്കമായി. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി-സീരീസ് എന്നിവയുടെ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുഹൂർത്ത ചടങ്ങിൽ തെലുങ്ക് സിനിമയിലെ പ്രമുഖർ പങ്കെടുത്തു. മെഗാസ്റ്റാർ ചിരഞ്ജീവിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മുഹൂർത്ത ഷോട്ടിന് ചിരഞ്ജീവി ക്ലാപ്പടിക്കുകയും ദിൽ രാജുവിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥ കൈമാറുകയും ചെയ്തു. ടി-സീരീസിന്റെ ഭൂഷൺ കുമാർ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ചടങ്ങിൽ സന്നിഹിതരായ സംവിധായകരാണ് ആദ്യ ഷോട്ട് സംവിധാനം ചെയ്തത്. "ആർസി 17" എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, നവീൻ യേർനേനി, വൈ. രവി ശങ്കർ, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
രാം ചരണും സുകുമാറും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഇരുവരും ഒന്നിച്ച മുൻചിത്രമായ ‘രംഗസ്ഥലം’ തെലുങ്ക് സിനിമയിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായി മാറിയിരുന്നു. കഥ, അഭിനയം, സാങ്കേതിക മികവ് എന്നിവകൊണ്ട് നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് സിനിമാലോകത്ത് ഉയരുന്നത്.
ചിത്രത്തിനായി രാം ചരൺ പൂർണമായും പുതിയൊരു രൂപമാറ്റത്തിന് ഒരുങ്ങുകയാണ്. താരത്തെ ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിൽ സുകുമാർ അവതരിപ്പിക്കുമെന്നാണ് സൂചന. വലിയ ക്യാൻവാസിൽ പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ പ്രോജക്ട് മറ്റൊരു ശ്രദ്ധേയമായ സിനിമാനുഭവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നീല, പച്ച, സ്വർണ നിറങ്ങളിലുള്ള മയിൽപ്പീലി പശ്ചാത്തലത്തിൽ രാം ചരണിന്റെ മുഖം കലാപരമായി ഉൾപ്പെടുത്തിയതാണ് പോസ്റ്ററിന്റെ പ്രത്യേകത. വ്യത്യസ്തമായ ചിത്രീകരണശൈലിയും വെള്ള പശ്ചാത്തലവും പോസ്റ്ററിന് വേറിട്ട ദൃശ്യഭംഗി നൽകുന്നു. ‘യൂ ക്യാൻ ഇമാജിൻ’ എന്ന വാചകത്തോടെയാണ് അണിയറപ്രവർത്തകർ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ പിന്നാലെ പ്രഖ്യാപിക്കും. രചന, സംവിധാനം: സുകുമാർ, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി-സീരീസ്, നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ. രവി ശങ്കർ, വിജയ പ്രസാദ് ബണ്ട്രെഡ്ഡി, ഭൂഷൺ കുമാർ, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പി.ആർ.ഒ: ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ