
കണ്ണൂര്‍ സ്ക്വാഡ് സിനിമ കണ്ട് ചിത്രത്തിന് പ്രചോദനമായ കേസന്വേഷണങ്ങള്‍ നടത്തിയ യഥാര്‍ഥ പൊലീസ് ഉദ്യോഗസ്ഥര്‍. 2007ല്‍ കണ്ണൂര്‍ എസ് പി ആയിരുന്ന കാലത്ത് കണ്ണൂര്‍ സ്ക്വാഡ് എന്ന പേരില്‍ അന്വേഷണസംഘത്തെ രൂപീകരിച്ച, ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായ എഡിജിപി എസ് ശ്രീജിത്തും സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കാണാനെത്തി. ഇടപ്പള്ളി വനിത, വിനീത് തിയറ്ററിലായിരുന്നു ഇവര്‍ എത്തിയത്. ചിത്രം ഏറെ റിയലിസ്റ്റിക് ആണെന്നും പൊതുജനത്തിനിടയില്‍ പൊലീസിന്‍റെ പ്രതിച്ഛായ മാറ്റാന്‍ സഹായിക്കുമെന്നും പ്രദര്‍ശനത്തിന് ശേഷം എസ് ശ്രീജിത്ത് പറഞ്ഞു. റിയലിസ്റ്റിക് ആയിരിക്കുമ്പോള്‍ത്തന്നെ സിനിമാറ്റിക് ആയി വരുത്തിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
"വളരെ നല്ല സിനിമ. പക്ഷേ ബേബിയും ഷൗക്കത്തുമൊന്നും (യഥാര്‍ഥ കണ്ണൂര്‍ സ്ക്വാഡിലെ അംഗങ്ങള്‍) ഇന്നുവരെ മേലുദ്യോഗസ്ഥരോട് തിരിച്ച് സംസാരിച്ചിട്ടില്ല. അത് മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. പൊലീസുകാര്‍ അങ്ങനെ തിരിച്ചൊന്നും സംസാരിക്കാറില്ല. പക്ഷേ വളരെ നല്ല പടം. വളരെ റിയലിസ്റ്റിക് ആണ് പടം. പ്രത്യേകിച്ച് ഫസ്റ്റ് ഹാഫ്. ഒന്‍പത് പേരാണ് ഒറിജിനല്‍ സ്ക്വാഡില്‍ ഉണ്ടായിരുന്നത്", ശ്രീജിത്ത് പറയുന്നു.
സിനിമയില്‍ മമ്മൂട്ടിയുടെ നായക കഥാപാത്രം നടത്തുന്നതുപോലെ സംഘട്ടനമൊക്കെ നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും അത് നടക്കില്ലെന്നും ശ്രീജിത്ത് പറയുന്നു. "ഒരുപാട് പരിക്കുകളുമായിട്ടാണ് ഞങ്ങള്‍ പലപ്പോഴും തിരിച്ചുവന്നിട്ടുള്ളത്. പൊലീസിനെക്കുറിച്ച് ജനങ്ങളുടെ മനസിലുള്ള പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ഈ സിനിമ സഹായിക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പൊലീസ് കഥകള്‍ സിനിമയാക്കാനെന്ന് പറഞ്ഞ് പലരും സമീപിക്കാറുണ്ട്. പക്ഷേ ഇത്ര നന്നായിട്ട് ചെയ്യുമെന്ന് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കില്ല. അതുകൊണ്ട് നമ്മള്‍ വലിയ താല്‍പര്യവും കാണിക്കാറില്ല. ഒന്നുകില്‍ കൊച്ചിന്‍ ഹനീഫയുടെ ഹാസ്യ കഥാപാത്രം. അല്ലെങ്കില്‍ സുരേഷ് ഗോപിയുടെ അതിഭാവുകത്വ കഥാപാത്രം. അതാണ് സ്ഥിരം വരാറ്. പൊലീസിനെ ഇത്ര റിയലിസ്റ്റിക് ആയിട്ട് വളരെ ദുല്‍ലഭമേ കണ്ടിട്ടുള്ളൂ. കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഇത് പൊലീസിന് മൊത്തത്തിലുള്ള ആദരവ് ആണ്". ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാനുള്ള കഥ ഉണ്ടോ എന്ന ചോദ്യത്തിന് ഇവര്‍ എല്ലാവരും തയ്യാറാവുകയാണെങ്കില്‍ പറഞ്ഞുകൊടുക്കാന്‍ ഇഷ്ടംപോലെ കഥകള്‍ തങ്ങളുടെ അടുത്ത് ഉണ്ടെന്ന് മറുപടി.
ALSO READ : 'കിംഗ് ഓഫ് കൊത്ത ഇഷ്‍ടപ്പെട്ടു'; ദുല്‍ഖറിന്‍റെ പ്രകടനത്തെക്കുറിച്ചും ഒമര്‍ ലുലു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ