'കിംഗ് ഓഫ് കൊത്ത ഇഷ്‍ടപ്പെട്ടു'; ദുല്‍ഖറിന്‍റെ പ്രകടനത്തെക്കുറിച്ചും ഒമര്‍ ലുലു
29 ന് ആയിരുന്നു ഒടിടി റിലീസ്

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിലാഷ് ജോഷി ആയിരുന്നു. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ചിത്രം പക്ഷേ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. തിയറ്ററുകളില്‍ ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് 29 ന് ആയിരുന്നു. ഒടിടി റിലീസിന് ശേഷം ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ച നടക്കുന്നുണ്ട്. അതിലും വിമര്‍ശനങ്ങളാണ് അധികം. ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.
കിംഗ് ഓഫ് കൊത്ത കണ്ടെന്നും ഇഷ്ടപ്പെട്ടെന്നുമാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദുല്‍ഖര്‍ എന്ന് എഴുതിയതിന് ശേഷം അഗ്നിയുടെ സിംബലും ഒമര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത എന്ന ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട രണ്ട് ഗെറ്റപ്പുകളിലാണ് രാജു എന്ന നായക കഥാപാത്രമായി ദുൽഖർ സൽമാന്‍ എത്തുന്നത്. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ട ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം രാജശേഖർ, തിരക്കഥ അഭിലാഷ് എൻ ചന്ദ്രൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക