
റീജിയണൽ സിനിമകളാണ് ഇപ്പോൾ ഇന്റർനാഷണലുകളാവുന്നതെന്ന് കമൽ ഹാസൻ. ചെന്നൈയിൽ വച്ച് നടന്ന ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് എന്ന പരിപാടിക്കിടെയായിരുന്നു കമൽ ഹാസന്റെ പ്രതികരണം. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രാദേശിക സിനിമകൾ ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിച്ചേരുന്നുണ്ടെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.
"റീജിയണൽ സിനിമകളാണ് ഇപ്പോൾ ശരിക്കും ഇന്റർനാഷണലുകളാകുന്നത്. മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും മചിലിപട്ടണത്തിലും നിന്ന് വരുന്ന സിനിമകളാണ് യഥാർഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അത്തരം സിനിമകളെല്ലാം ലോകത്തിന്റെ വിവിധ കോണുകളിലെത്തുന്നുണ്ട്. ദക്ഷിണ കർണാടകയുടെ വേരുകളിൽ ആഴ്ന്നിറങ്ങി കഥ പറഞ്ഞ കാന്താര രാജ്യത്തെ മുഴുവൻ കോരിത്തരിപ്പിച്ചു. മലയാളത്തിലെ മിസ്റ്ററി ത്രില്ലറായ ദൃശ്യം ഒരു സാധാരണക്കാരന്റെ അസാധാരണ പവറുകൾ എന്തൊക്കെയാണെന്ന് കാണിച്ച സിനിമ, അത് അനായാസമായി ഭാഷകളുടെ അതിർത്തികൾ താണ്ടി. മുംബൈ മുതൽ മലേഷ്യ വരെ പുഷ്പ, ബാഹുബലി പോലെയുള്ള തെലുങ്ക് ചിത്രങ്ങളിലെ ഡയലോഗുകൾ നിത്യോപയോഗ വാക്കുകളായി മാറി" കമൽ ഹാസൻ പറഞ്ഞു.
അതേസമയം മണി രത്നം സംവിധാനം ചെയ്ത തഗ് ലൈഫ് ആയിരുന്നു കമൽ ഹാസന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വർഷങ്ങൾക്ക് ശേഷം രജനികാന്ത്- കമൽ ഹാസൻ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സുന്ദർ സി ആയിരുന്നു ആദ്യം ചിത്രത്തിന്റെ സംവിധായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് സുന്ദർ സി പിന്മാറി. 'പാർക്കിങ്ങ്' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവായ രാംകുമാർ ബാലകൃഷ്ണൻ രജനിയോട് കഥ പറഞ്ഞുവെന്നും, ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ നിതിലൻ സാമിനാഥന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. കുരങ്ങു ബൊമ്മൈ, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് നിതിലൻ സാമിനാഥൻ. നേരത്തെ ധനുഷിന്റെ പേരും ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ