
മലയാളം തിരിഞ്ഞുനോക്കുമ്പോള്‍ ദു:ഖഭാരവും നഷ്‍ടബോധവും നിറഞ്ഞ ദിവസമാണ് ഒക്ടോബര്‍ 11. അരങ്ങില്‍ അഭിനയത്തിന്‍റെ മാറ്റുരച്ച് മിനുക്കിയെടുത്ത് വെള്ളിത്തിരയില്‍ പ്രകാശിച്ച് ഇതിഹാസതുല്യനായി മാറിയ നെടുമുടി വേണു 2021 ഒക്ടോബര്‍ 11നാണ് വേഷം അഴിച്ചുവച്ചത്. ഒട്ടനവധി വിസ്‍യകരമാം കഥാപാത്രങ്ങള്‍ ഊഴം കാത്തുനില്‍ക്കുമ്പോഴായിരുന്നു നെടുമുടി വേണുവിന്റെ മരണം. അവസാന കാലത്തോളം അഭിനയത്തില്‍ ജീവിച്ചുതീര്‍ത്ത നടനായിരുന്നു നെടുമുടി വേണു.
നാടകത്തില്‍ 'അവനവൻ കടമ്പ' ആയിരുന്നു നെടുമുടി വേണുവിനെ കലാലോകത്ത് ആദ്യം ശ്രദ്ധേയനാക്കിയത്. കാവാലത്തിന്‍റെ കളരിയില്‍ തെളിഞ്ഞ അഭിനയം വെള്ളിത്തിരയിലേക്ക് എത്തിച്ചത് 'തമ്പി'ലൂടെ അരവിന്ദനായിരുന്നു. ഭരതൻ 'ആരവ'ത്തിലേക്കും 'തകര'യെന്ന ചിത്രത്തിലേക്കും നെടുമുടി വേണുവിനെ ക്ഷണിച്ചപ്പോള്‍ മലയാളത്തിന്‍റെയും രാശി മാറുകയായിരുന്നു. അയത്‍ന ലളിതമായ സ്വാഭാവിക അഭിനയത്തിന്‍റെ മറ്റൊരു മാതൃക പ്രേക്ഷകര്‍ തിയറ്ററുകളില്‍ കാണുകയായിരുന്നു നെടുമുടി വേണുവിലൂടെ.
കാലത്തിനും കഥാസന്ദര്‍ഭങ്ങള്‍ക്കും അനുസൃതമായി സ്വയം പുതുക്കി അഭിനയജീവിതം തുടര്‍ന്ന നെടുമുടി വേണു ഇന്നോളമുള്ള മലയാള സിനിമാ ചരിത്രത്തിന്‍റെ താളുകളില്‍ ഭൂരിഭാഗം പേജിലും തന്നെ അടയാളപ്പെടുത്തിയിട്ടാണ് മറഞ്ഞത്. മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി നെടുമുടി വേണു. പ്രത്യേക പരാമര്‍ശവും മികച്ച വിവരണത്തിനും ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് വര്‍ഷം മികച്ച നടനായ നെടുമുടി രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുമായി. സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും അഭിനയത്തില്‍ അദ്ദേഹം സജീമായിരുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. മരണശേഷം പ്രധാനപ്പെട്ട നാല് ചിത്രങ്ങളാണ് നെടുമുടി വേണു അഭിനയിച്ചതായി പുറത്തിറങ്ങിയത്. മോഹൻലാല്‍ നായകനായ 'നെയ്യാറ്റിൻകര ഗോപാന്റെ ആറാട്ടും' മരക്കാര്‍: അറബിക്കടലിന്റെ സിംഹവും' മമ്മൂട്ടിയുടെ 'ഭീഷ്‍മ പര്‍വ്വവും 'പുഴുവും'.
ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിന്റെ ജന്മദേശം. സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ്. നെടുമുടിയിലെ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‍കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‍കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ് ഡി കോളേജിൽ പഠിക്കുന്ന കാലത്ത് സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിന്റെ സിനിമ ജീവിതത്തിൽ നിർണായകമായി മാറിയിരുന്നു.
Read More: പേടിപ്പിച്ചും ചിരിപ്പിച്ചും കത്രീന കൈഫിന്റെ 'ഫോണ്‍ ഭൂത്', ട്രെയിലര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ