നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഓഗസ്റ്റ് 20-ന് ഓണം റിലീസായി തിയറ്ററുകളിലെത്തും

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിൻ്റെ ട്രെയ്‍ലര്‍ റിലീസ് സംബന്ധിച്ചാണ് അത്. നാളെ (28) വൈകിട്ട് 6 മണിക്ക് ട്രെയ്‍ലര്‍ പുറത്തെത്തും. ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ട്രെയ്‍ലര്‍ പുറത്തെത്തുന്നത്. ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്.

ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ രചിച്ചത്. തൻ്റെ കരിയറിലെ തന്നെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രം ആണ് താൻ ഇതിൽ അവതരിപ്പിക്കുന്നത് എന്ന് ദുൽഖർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

വന്‍ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് ഐ ആം ഗെയിം. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ എത്തുന്നത്. ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് എന്നിവരാണ്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഐ ആം ഗെയിം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming