ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ആർക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നുവെന്നും മഹേഷ് കുറിച്ചു.

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്‍റെ പേര് പരാമ‍ർശിച്ചപ്പോൾ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് മിമിക്രി താരം മഹേഷ് കുഞ്ഞുമോനെതിരെ സൈബറാക്രമണം. അയർലണ്ടിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ വി.ഡി. സതീശന്‍റെ ശബ്ദം അനുകരിച്ചപ്പോൾ മുഖ്യമന്ത്രി വിഡി സതീശൻ എന്ന് പറയാതെ, വിഡി സതീശൻ എന്ന് മാത്രം അഭിസംബോധന ചെയ്തെന്ന് ആരോപിച്ചാണ് മിമിക്രി താരത്തിന് നേരെ സൈബറാക്രമണം. എന്നാൽ താൻ അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണെന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. തനിക്കെതിരെ അധിക്ഷേപം നടത്തുന്നവർ അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നുവെന്നും മഹേഷ് ഫേസ്ബുക്കിൽ കുറിച്ചു.

'അയർലണ്ടിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ ഞാൻ വി.ഡി. സതീശൻ സാറിന്റെ ശബ്ദം അനുകരിച്ച് ഒരു പെർഫോമൻസ് അവതരിപ്പിച്ചിരുന്നു. എൽ.ഇ.ഡി വാൾ പിക്ചർ വരാതെ അല്പം സമയം എടുത്തപ്പോ എൽ.ഇ.ഡി. വാൾ ഓപ്പറേറ്റ് ചെയ്തിരുന്ന വ്യക്തിയോട്, സ്ക്രീനിൽ കാണിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കുന്നതിനായാണ് ഞാൻ മൈക്കിലൂടെ 'വിഡി സതീശൻ എന്ന് പറഞ്ഞത്. അപ്പോൾ ഞാൻ "സാർ" എന്നോ "മുഖ്യമന്ത്രി" എന്നോ ചേർത്ത് പറഞ്ഞിരുന്നില്ല. അത് ബഹുമാനക്കുറവ് കാണിക്കാനോ അദ്ദേഹത്തെ അപമാനിക്കാനോ വേണ്ടിയല്ല, സാങ്കേതിക ആവശ്യത്തിനായി ഫയലിന്റെ പേര് മാത്രം പറഞ്ഞതാണ്. എന്നാൽ ആ വീഡിയോയുടെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, ഞാൻ അദ്ദേഹത്തെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന രീതിയിൽ ചിലർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി- മഹേഷ് പറയുന്നു.

എന്റെ ഭാഗത്തുനിന്ന് ഉണ്ടായ ഈ സാഹചര്യം കാരണം ആർക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് എന്റെ ഉദ്ദേശ്യമല്ല. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. അതോടൊപ്പം, അഭിപ്രായവ്യത്യാസങ്ങൾ മാന്യതയോടെ പ്രകടിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ ഒരാളെ മാനസികമായി ഏറെ വേദനിപ്പിക്കും. പരസ്പര ബഹുമാനവും മനുഷ്യസ്നേഹവും കാത്തുസൂക്ഷിക്കാൻ എല്ലാവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി- മഹേഷ് കുഞ്ഞുമോൻ ഫേസ്ബുക്കിൽ കുറിച്ചു.