Latest Videos

ആരാണ് ശരിക്കും 'നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍'? റിയാസ് ഖാന്‍ പറയുന്നു

By Web TeamFirst Published Nov 4, 2020, 8:43 PM IST
Highlights

പോസ്റ്റര്‍ വൈറല്‍ ആയതിനൊപ്പം അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്‍റുകളും എത്തിയിരുന്നു. ചാരിറ്റി പ്രവര്‍ത്തകരെ മൊത്തത്തില്‍ പരിഹസിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അതിന്‍റെ പേരില്‍ തട്ടിപ്പ് നടത്തുന്നവരെ പരിസഹിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മറുവിഭാഗം പറയുന്നു. എന്നാല്‍ എന്താണ് 'നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍'? ആരാണയാള്‍? റിയാസ് ഖാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു.

സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പോപ്പുലാരിറ്റി നേടുന്നത് ആദ്യമായല്ല. പക്ഷേ ഒരു ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറല്‍ ആകുന്നത് അത്ര സാധാരണമല്ല. റിയാസ് ഖാന്‍ നായകനായ 'മായക്കൊട്ടാരം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തെത്തിയ ഏതാനും മണിക്കൂറുകള്‍ക്കകം വൈറല്‍ ആയി മാറിയത്. റിയാസ് ഖാന്‍റെ പേജില്‍ തന്നെ ഇതിനകം ആയിരത്തോളം ഷെയറുകളും പതിനായിരത്തിലധികം ലൈക്കുകളും പോസ്റ്റര്‍ നേടി. റിയാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരും അതിലെ വാചകവുമാണ് പോസ്റ്റര്‍ ഇന്‍സ്റ്റന്‍റ് ഹിറ്റ് ആക്കിയത്. ഒരു സ്ത്രീയുടെ 'പല്ലു മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 17 മണിക്കൂറില്‍ 3.45 കോടി രൂപ സമാഹരിച്ച' 'നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍' ആണ് ചിത്രത്തില്‍ റിയാസിന്‍റെ കഥാപാത്രം. പോസ്റ്റര്‍ വൈറല്‍ ആയതിനൊപ്പം അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്‍റുകളും എത്തിയിരുന്നു. ചാരിറ്റി പ്രവര്‍ത്തകരെ മൊത്തത്തില്‍ പരിഹസിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അതിന്‍റെ പേരില്‍ തട്ടിപ്പ് നടത്തുന്നവരെ പരിസഹിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മറുവിഭാഗം പറയുന്നു. എന്നാല്‍ എന്താണ് 'നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍'? ആരാണയാള്‍? റിയാസ് ഖാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു..

 

"സിനിമയുടെ ഫോട്ടോഷൂട്ട് കഴിഞ്ഞതേയുള്ളൂ. തുടങ്ങാനിരിക്കുകയാണ്. ഒരു കോമഡി സബ്‍ജക്ട് ആണ്. ഒരു സ്പൂഫ് സിനിമയാണ് മായക്കൊട്ടാരം. എന്ത് വിഷയം കണ്ടാലും ചാടിക്കേറി അത് ഏല്‍ക്കുന്ന ആളാണ് സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രം. എന്നിട്ട് അതിനുവേണ്ടി പണം സമാഹരിക്കും. പിന്നെ അതെടുത്ത് യുട്യൂബില്‍ ഇടും. അങ്ങനെ ഒരു കഥാപാത്രം." നിലവിലുള്ള ചാരിറ്റി പ്രവര്‍ത്തകരില്‍ ആരെയെങ്കിലും വ്യക്തിപരമായി ഉദ്ദേശിച്ചല്ല കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്നും സ്‍പൂഫ് സിനിമയുടെ പോസ്റ്ററും സ്‍പൂഫ് രീതിയില്‍ ചെയ്‍തതാണെന്നും റിയാസ് ഖാന്‍ പറയുന്നു. "ആ പോസ്റ്റര്‍ കാണുമ്പോള്‍ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് കരുതിയുമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ഇറക്കിയത്", റിയാസ് പറയുന്നു.

 

കഥാപാത്രത്തിന്‍റെ ഇമോഷണല്‍ ബ്ലോക്കിലേക്കും സിനിമ കടക്കുന്നുണ്ടെന്നും ആത്മാര്‍ഥമായി ഒരാളെ സഹായിക്കാന്‍ സിനിമയില്‍ സുരേഷ് തീരുമാനമെടുക്കുന്നുണ്ടെന്നും റിയാസ് ഖാന്‍ പറയുന്നു. "പിന്നെ രണ്ടുതരം ആളുകള്‍ എല്ലാ മേഖലകളിലുമില്ലേ. പൊലീസുകാരില്‍ ഇല്ലേ, നല്ല ആളുകളും ചീത്ത ആളുകളും. എല്ലാവരും മോശക്കാരാണെന്ന് പറയാന്‍ പറ്റില്ലല്ലോ. സിനിമയില്‍ പലതും തൊട്ടും തൊടാതെയും പറഞ്ഞുപോകുന്നുണ്ട്", റിയാസ് ഖാന്‍ വിശദീകരിക്കുന്നു.

മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍, ബി ഉണ്ണികൃഷ്ണന്‍റെ മോഹന്‍ലാല്‍ ചിത്രം, ഒമര്‍ ലുലുവിന്‍റെ പവര്‍ സ്റ്റാര്‍, സസ്പെന്‍സ് കില്ലര്‍ തുടങ്ങി ഒരുപിടി സിനിമകള്‍ റിയാസിന്‍റേതായി പുറത്തുവരാനുണ്ട്. ഇതില്‍ മണി രത്നം ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണെന്നും അദ്ദേഹം പറയുന്നു. സോമന്‍ സാംബവാന്‍ എന്നൊരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് റിയാസ് അവതരിപ്പിക്കുന്നത്. "മണി രത്നം പടം നവംബറില്‍ തുടങ്ങിയിരുന്നു. ഫെബ്രുവരിയില്‍ കൊവിഡ് ആയപ്പോള്‍ നിര്‍ത്തിയതാണ്. അത് വീണ്ടും ആരംഭിച്ചിട്ടുണ്ട്. അതില്‍ മുഴുനീള വേഷമാണ്. സിംഗിള്‍ ഹീറോ പടമല്ല അത്. 15 പ്രധാന കഥാപാത്രങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രം ഐശ്വര്യ റായിയുടേതുമാണ്. കാര്‍ത്തി, ജയം രവി, വിക്രം, കിഷോര്‍, ഞാന്‍, ശരത്കുമാര്‍, പ്രഭു, തൃഷ തുടങ്ങിയവരുടെ കഥാപാത്രങ്ങളൊക്കെ ഐശ്വര്യ റായിയുടെ കഥാപാത്രത്തിന്‍റെ ചുറ്റും നില്‍ക്കുന്നവരാണ്. 10-12 നൂറ്റാണ്ടുകളാണ് സിനിമയുടെ കാലഘട്ടം. 15 വോള്യം ഉള്ള ഗ്രന്ഥമാണ് പൊന്നിയിന്‍ സെല്‍വന്‍. അത് സിനിമയാവുമ്പോള്‍ രണ്ട് ഭാഗമായിട്ട് വരും", റിയാസ് ഖാന്‍ പറയുന്നു. 

 

സസ്‍പെന്‍സ് കില്ലര്‍ എന്ന ചിത്രം ഏതാനും ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാവും. അതിനുശേഷം പൊന്നിയിന്‍ സെല്‍വന്‍റെ പുതിയ ഷെഡ്യൂളില്‍ റിയാസ് ജോയിന്‍ ചെയ്യും. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. പവര്‍ സ്റ്റാര്‍ ഫെബ്രുവരിയില്‍ തുടങ്ങും. 

click me!