
മലയാളം ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ഡോ. റോബിൻ രാധാകൃഷ്‍ണൻ. സഹമത്സരാർത്ഥിയെ മർദിച്ചതിന്റെ പേരിൽ പകുതിയിൽ വെച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നെങ്കിലും വലിയൊരു ആരാധക വൃന്ദത്തെ തന്നെ സൃഷ്ടിക്കാൻ റോബിന് സാധിച്ചിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രാവശ്യം ഞാൻ തളർന്നുപോയിട്ടുണ്ടെന്നും ആരുടെയും മുന്നിൽ അത് പ്രകടിപ്പിക്കാറില്ലെന്നും റോബിൻ പറയുന്നു. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.
''ജീവിതത്തിൽ ഒരുപാട് പ്രാവശ്യം ഞാൻ തളർന്നുപോയിട്ടുണ്ട്. തളർന്നു നിൽക്കുമ്പോഴും ആരുടെയും മുന്നിൽ ഞാൻ അത് പ്രകടിപ്പിക്കാറില്ല. എല്ലാ വേദനകളും ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ മുന്നോട്ടു പോകുമായിരുന്നു. ഓരോ പ്രാവശ്യം തളർന്നു പോകുമ്പോഴും എന്റെ മനസ്സിൽ ഒറ്റ കാര്യമേ തെളിഞ്ഞു വരാറുള്ളൂ, ”എന്തായിരുന്നു എന്റെ ലക്ഷ്യം? എന്തിന് വേണ്ടി ഞാൻ തുടങ്ങി?”. ഈ ഒരൊറ്റ കാര്യം എൻ്റെ മനസ്സിൽ ഉണ്ടാക്കുന്ന ആ ഒരു തീ, വാശി അതാണ് എന്നെ ജീവിതത്തിൽ മുന്നോട്ടു നയിക്കുന്നത്. ഒരുപാട് പേർ എന്നെ തളർത്താനും കുറ്റപ്പെടുത്താനും ഒക്കെയായി അവരെക്കൊണ്ട് ആവുന്നവിധത്തിൽ ശ്രമിച്ചു.
നിങ്ങളോട് യാതൊരു വിധ ദേഷ്യമോ പരിഭവമോ പരാതിയോ ഒന്നും ഇല്ല. സ്നേഹം മാത്രം. കാരണം നിങ്ങൾ എന്നിൽ ഉണ്ടാക്കിയ മുറിവ്... അത് എന്നിൽ ഉണ്ടാക്കിയ വാശി അതു തന്നെയാണ് എന്റെ ജീവിതലക്ഷ്യങ്ങളിലേക്ക് അടിപതറാതെ മുന്നോട്ട് പോകാനുള്ള കരുത്തും ഊർജ്ജവും നൽകുന്നത്.
ഈ ഒരു കുഞ്ഞു ജീവിതമല്ലേ എനിക്കുള്ളൂ... എല്ലാവരേയും പോലെ എനിക്കും ഉണ്ട് ഒരുപാട് സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ, പ്രതീക്ഷകൾ... അതൊന്നും പാതിവഴിയിൽ ഉപേക്ഷിക്കാൻ അല്ല ഞാൻ അത്രയും കഷ്ടപ്പെട്ടത്. എൻ്റെ ലക്ഷ്യ പൂർത്തീകരണത്തിനായി എൻ്റെ കഠിനാധ്വാനം ഇനിയും തുടരും. മികച്ചൊരു ഫലത്തിനായി ഒരുപാട് ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. ഒരുപാട് സമയം അതിനു വേണ്ടി നൽകേണ്ടി വരും. പക്ഷേ, അന്തിമ വിജയം. അത് എനിക്കായിരിക്കും. എൻ്റെ സ്വപ്നങ്ങളെ ഒന്നിനും വേണ്ടിയും വിട്ടുകളയാൻ ഞാൻ തയ്യാറല്ല.. കാരണം, തോൽക്കാൻ എനിക്ക് മനസില്ല'', റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക