
സമീപകാല മലയാള സിനിമയില്‍ റിലീസിനു മുന്‍പേ വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ റോഷാക്ക്. കെട്ട്യോളാണെന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. റിലീസ് ദിനത്തില്‍ തന്നെ വന്‍ മൌത്ത് പബ്ലിസിറ്റി നേടിയിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന രംഗത്തിന്‍റെ ചിത്രീകരണമാണ് ഇതില്‍.
പ്രൊഡക്ഷന്‍ ഡിസൈനിന് അതീവ പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്‍റെ സാന്നിധ്യമായി പോലും തോന്നുന്ന ഒന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്‍റണിയുടെ കാര്‍. ഫോര്‍ഡിന്‍റെ മസ്ടാങ് എന്ന മോഡല്‍ ആണിത്. ലൂക്ക് ആന്റണി കാര്‍ ഓടിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അക്കൂട്ടത്തില്‍ ഒരു ഡ്രിഫ്റ്റിംഗ് സീനും ഉണ്ട്. ഡ്യൂപ്പ് ഒന്നുമില്ലാതെ മമ്മൂട്ടി തന്നെയാണ് ആ രംഗത്തിന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തിരിക്കുന്നത്. സിംഗിള്‍ ടേക്കില്‍ ഷോട്ട് ഓകെയാക്കിയ മമ്മൂട്ടിക്ക് കൈയടി നല്‍കുന്ന അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം. ഡ്രൈവിഗില്‍ വലിയ താല്‍പര്യമുള്ള മമ്മൂട്ടിക്ക് ലക്ഷ്വറി കാറുകളുടെ നീണ്ട നിരയുണ്ട് സ്വന്തം ശേഖരത്തില്‍.
മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് ആദ്യം നിര്‍മ്മാണം ആരംഭിച്ചതെങ്കിലും ആദ്യം തിയറ്ററുകളിലെത്തിയത് റോഷാക്ക് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവില്‍ ആണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍, ആന്‍സ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.