ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സാധാരണ ആക്രമണങ്ങളിലൂടെ ഇറാന്‍റെ സൈനിക ശക്തിയെ തകർത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനിടെ, യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷ് വിമാനവാഹിനിക്കപ്പൽ കൂടി വിന്യസിച്ച് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചു.

വാഷിംഗ്ടൺ: ഇറാനുമായുള്ള നിലവിലെ സൈനിക സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്‍റെ നയം വ്യക്തമാക്കിയത്. സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്‍റെ സൈനിക ശക്തിയെ അമേരിക്ക പൂർണ്ണമായും തകർത്തിട്ടുണ്ടെന്നും അതിനാൽ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് തന്‍റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

"എന്തിന് ഞാൻ ആണവായുധങ്ങൾ ഉപയോഗിക്കണം? അവയില്ലാതെ തന്നെ വളരെ സാധാരണമായ രീതിയിൽ നാം അവരെ തകർത്തു കഴിഞ്ഞു," ട്രംപ് പറഞ്ഞു. ഇറാന്‍റെ നാവികസേന കടലിന്‍റെ അടിത്തട്ടിലാണെന്നും വ്യോമസേനയും റഡാർ സംവിധാനങ്ങളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം അതിശക്തമാണെന്നും സമയം ഇറാന് അനുകൂലമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കായി താൻ തിടുക്കം കാണിക്കുന്നില്ലെന്നും ദീർഘകാലം നിലനിൽക്കുന്ന സുശക്തമായ ഒരു കരാറാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, മേഖലയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വീണ്ടും വർദ്ധിപ്പിച്ചു. യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷ് (USS George HW Bush) എന്ന വിമാനവാഹിനിക്കപ്പൽ കൂടി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിയതോടെ മേഖലയിലെ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി. നിലവിൽ യുഎസ്എസ് അബ്രഹാം ലിങ്കൺ അറബിക്കടലിലും യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ചെങ്കടലിലും നിലയുറപ്പിച്ചിട്ടുണ്ട്. വിർജീനിയയിലെ നോർഫോക്കിൽ നിന്നും യാത്ര തിരിച്ച ബുഷ്, ആഫ്രിക്കൻ തീരം ചുറ്റിയാണ് മിഡിൽ ഈസ്റ്റിലേക്ക് എത്തിയത്. ഇറാന് മേലുള്ള സമ്മർദ്ദം ശക്തമാക്കാൻ ഈ സൈനിക നീക്കം സഹായിക്കുമെന്നാണ് പെന്‍റഗൺ വിലയിരുത്തുന്നത്.