
നിവിന്‍ പോളിയെ നായകനാക്കി പുതിയ ചിത്രമൊരുക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ്. തിയറ്ററുകളില്‍ പ്രദര്‍ശന വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്കു ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമയാണ് ഇത്. ചിത്രത്തിന്‍റെ പൂജ ചടങ്ങ് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് ഇന്ന് നടന്നു. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ഈ മാസം 20ന് ചിത്രീകരണം ആരംഭിക്കും. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം.
നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് നവീൻ ഭാസ്കര്‍ ആണ്. ആർ ദിവാകരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീഷ് നാടോടി, വസ്ത്രാങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് കെ സി രവി, ദിനേഷ് മേനോൻ, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ.
അതേസമയം റോഷന്‍ ആൻഡ്രൂസിന്‍റെ അവസാന ചിത്രം സല്യൂട്ടില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍. സോണി ലിവിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം എത്തിയത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനില്‍ എത്തിയത്. ബോബി- സഞ്ജയ് ആയിരുന്നു തിരക്കഥ. ഒരു സാധാരണ പൊലീസ് സ്റ്റോറി ആയിരിക്കില്ല ചിത്രമെന്ന സൂചന തരുന്നതായിരുന്നു നേരത്തേ പുറത്തെത്തിയ ട്രെയ്‍ലര്‍.
വലിയ പ്രേക്ഷക സ്വീകാര്യത നേടിയ 'മുംബൈ പൊലീസി'നു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയുമായിരുന്നു സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക. മനോജ് കെ ജയൻ മറ്റൊരു സുപ്രധാന വേഷത്തില്‍ എത്തുന്നു. അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, കലാസംവിധാനം സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, പിആർഒ മഞ്ജു ഗോപിനാഥ്. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം. വേഫെയറര്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.