ആര്‍ആര്‍ആര്‍ കളിക്കുന്ന തീയറ്റര്‍ കത്തിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് നിലപാട് മാറ്റി.!

By Web TeamFirst Published Jan 16, 2023, 2:26 PM IST
Highlights

ബന്ദി സഞ്ജയ് കുമാറിന്‍റെ അഭിനന്ദനം വളരെ രസകരമായാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കാരണം ഇദ്ദേഹത്തിന്‍റെ മുന്‍ പ്രസ്താവനയാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നത്. 

ഹൈദരാബാദ്: ആര്‍ആര്‍ആര്‍ ലോകവേദിയില്‍ അവാര്‍ഡുകളുടെ തിളക്കത്തിലാണ്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനും ഉള്ളത്. അതിനാല്‍ തന്നെ രാജ്യത്തിന്‍റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ ചിത്രത്തെ അനുമോദിച്ച് രംഗത്ത് എത്തുന്നുണ്ട്. 

ഇതില്‍ ശ്രദ്ധേയമായ ഒരു അഭിനന്ദനമാണ് തെലങ്കാന ബിജെപി അദ്ധ്യക്ഷനും, കരിംനഗറില്‍ നിന്നുള്ള എംപിയുമായ ബന്ദി സഞ്ജയ് കുമാറിന്‍റെ വാക്കുകള്‍. ജനുവരി 11ന് ഇട്ട ട്വീറ്റില്‍ ആര്‍ആര്‍ആര്‍ ടീം ഗോള്‍ഡന്‍ ഗ്ലോബ് വിജയം ആഘോഷിക്കുന്ന വീഡിയോ പങ്കിട്ട ഇദ്ദേഹം കീരവാണിക്കും, ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനം അറിയിക്കുന്നു. ഒപ്പം ഈ ചരിത്രപരമായ ഈ നേട്ടം രാജ്യത്തിന്‍റെ അഭിമാനം ലോക വേദിയില്‍ ഉയര്‍ത്തിയെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

Hearty Congratulations to garu and the entire team of for winning the award for best original song
You made India proud at world stage with this historic achievement https://t.co/KKmsBFOfmH

— Bandi Sanjay Kumar (@bandisanjay_bjp)

എന്നാല്‍ ബന്ദി സഞ്ജയ് കുമാറിന്‍റെ അഭിനന്ദനം വളരെ രസകരമായാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കാരണം ഇദ്ദേഹത്തിന്‍റെ മുന്‍ പ്രസ്താവനയാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നത്. 

2020 നവംബറിൽ നടത്തിയ ഒരു പ്രസ്താവനയില്‍ സഞ്ജയ് കുമാർ ആർആർആർ സംവിധായകന്‍ എസ്എസ് രാജമൗലി ചിത്രത്തില്‍ ചരിത്ര വസ്തുതകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞു. ആര്‍ആര്‍ആര്‍ സിനിമയിലെ കഥാപാത്രമായ  കോമരം ഭീം മുസ്ലീം തൊപ്പിയിട്ട് വരുന്ന സീന്‍ ആണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്.  

ഇത്തരത്തില്‍ ആണെങ്കില്‍ ആർആർആർ ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് തീയിടുമെന്നും ജൂനിയർ എൻടിആറിന്‍റെ കഥാപാത്രമായ കൊമരം ഭീമിനെ പരമ്പരാഗത മുസ്ലീം വസ്ത്രം ധരിച്ച് കാണിക്കുന്ന രംഗം നീക്കം ചെയ്യണമെന്നും ബന്ദി സഞ്ജയ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോഴും ഈ രംഗം ഉണ്ടായിരുന്നു. 

പ്രത്യേക ദൌത്യത്തിന് എത്തുന്ന കൊമരം ഭീം ഒളിവില്‍ കഴിയുന്നത് മുസ്ലീം കുടുംബത്തില്‍ മുസ്ലീം പേരിലാണ് അതിനാല്‍ തന്നെ കഥയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഭാഗമായിരുന്നു അത്. ഇതേ രംഗങ്ങള്‍ ഉള്ള ആര്‍ആര്‍ആര്‍ വന്‍ ബോക്സ് ഓഫീസ് വിജയവും നേടി. ഇപ്പോള്‍ ആഗോള അവാര്‍ഡുകളും നേടുന്നു. അതേ സമയം ചിത്രത്തിനെതിരെ അന്നത്തെ നിലപാട് മാറ്റി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ്. 

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. 

യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

ജയിംസ് കാമറൂണ്‍ 'ആര്‍ആര്‍ആര്‍' രണ്ട് തവണ കണ്ടു, ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി

"പ്രഭാസിന് മുന്നിൽ ഹൃത്വിക് ഒന്നുമല്ല"; വിവാദ പ്രസംഗത്തില്‍ വിശദീകരണം നല്‍കി രാജമൗലി

click me!