Asianet News MalayalamAsianet News Malayalam

ജയിംസ് കാമറൂണ്‍ 'ആര്‍ആര്‍ആര്‍' രണ്ട് തവണ കണ്ടു, ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി

സംവിധായകൻ ജയിംസ് കാമറൂണ്‍ തങ്ങളുടെ സിനിമയെ വിലയിരുത്താൻ സമയം ചെലവഴിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാജമൗലി.

James Cameron watched Rajamouli film RRR
Author
First Published Jan 16, 2023, 11:01 AM IST

എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം 'ആര്‍ആര്‍ആ'റിന്റെ കീര്‍ത്തിയുടെ അലയൊലികള്‍ അവസാനിക്കുന്നില്ല. വിഖ്യാത സംവിധായകൻ ജയിംസ് കാമറൂണാണ് ഏറ്റവും ഒടുവില്‍ 'ആര്‍ആര്‍ആറിനെ' അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എസ് എസ് രാജമൗലി തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. ജയിംസ് കാമറൂണ്‍ രണ്ട് തവണ ചിത്രം കണ്ടുവെന്ന് പറഞ്ഞതിന്റെ സന്തോഷം സംഗീത സംവിധായകൻ കീരവാണിയും പങ്കുവെച്ചു.

മഹാനായ ജെയിംസ് കാമറൂണ്‍ 'ആര്‍ആര്‍ആര്‍' ചിത്രം കണ്ടു. അദ്ദേഹത്തിന് വളരെ ഇഷ്‍ടമാകുകയും ഭാര്യയോട് നിര്‍ദ്ദേശിക്കുകയും അവര്‍ക്കൊപ്പം വീണ്ടും കാണുകയും ചെയ്‍തു. പത്ത് മിനുട്ട് ഞങ്ങള്‍ക്കൊപ്പം നിന്ന് സിനിമയിലെ വിലയിരുത്താൻ താങ്കള്‍ സമയം ചെലവഴിച്ചുവെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. താങ്കള്‍ പറഞ്ഞതുപോലെ ഞാൻ ലോകത്തിന്റെ ഏറ്റവും ഉയരത്തിലാണ്, രണ്ടുപേര്‍ക്കും നന്ദി എന്നുമാണ് രാജമൗലി ട്വീറ്റ് ചെയ്‍തത്.

ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് 'ആര്‍ആര്‍ആര്‍' ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എൻടിആറും രാം ചരണും 'നാട്ടു നാട്ടു' ഗാനത്തിന് ചെയ്‍ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.

അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

Read More: പ്രഭാസ് നായകനായി വരാനുള്ളത് ഒരുപിടി ചിത്രങ്ങള്‍, 'പഠാൻ' സംവിധായകനുമായും കൈകോര്‍ക്കുന്നു

Follow Us:
Download App:
  • android
  • ios