
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ ഭോല ശങ്കര്‍ വലിയ പരാജയത്തിലേക്ക് നീങ്ങുകയാണ്. 100 കോടി രൂപയ്ക്ക് അടുത്ത് ബജറ്റില്‍ ഒരുക്കിയ ചിത്രം ഇതുവരെ മൊത്തം അമ്പത് കോടി നേടിയിട്ടില്ലെന്നാണ് വിവരം. അതേ സമയം ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം ദുരന്ത പ്രകടനമാണ് നടത്തുന്നത്. റിലീസ് ദിനത്തില്‍ 16 കോടി നേടിയ ചിത്രം ശനിയാഴ്ച 7 കോടി നേടി. എന്നാല്‍ ആദ്യ ഞായറാഴ്ച ചിത്രത്തിന് കിട്ടിയത് 5 കോടിയാണ്. എന്തായാലും പരാജയം ഏതാണ്ട് നിര്‍മ്മാതാക്കള്‍ സമ്മതിച്ച മട്ടാണ്.
ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണ് ഈ ചിത്രം. മെഹര്‍ രമേശ് ആണ് രചനയും സംവിധാനവും. എന്നാല്‍ തമിഴില്‍ ബ്ലോക് ബസ്റ്ററായ വേതാളത്തെ പരിഹസിക്കുന്ന രീതിയിലാണ് ഭോല ശങ്കര്‍ എന്നാണ് പൊതുവില്‍ വരുന്ന റിപ്പോര്‍ട്ട്.
തമിഴിൽ ലക്ഷ്മി മേനോൻ അവതരിപ്പിച്ച അനിയത്തി റോളും, ചേട്ടനായി എത്തിയ അജിത്ത് മികച്ച കോംപിനേഷന്‍ ആണെങ്കില്‍. അത് തെലുങ്കിലെത്തിയപ്പോള്‍ ദുരന്തമായി മാറിയെന്നാണ് വിലയിരുത്തല്‍. അതായത് ചിരഞ്ജീവിയുടെയും കീര്‍ത്തി സുരേഷിന്‍റെയും കോമ്പിനേഷന്‍ രംഗങ്ങള്‍ പലപ്പോഴും ബോറായി മാറി. അതേ സമയം മറ്റൊരു വാര്‍ത്ത കൂടി തെലുങ്ക് സിനിമ രംഗത്ത് നിന്നും വരുന്നുണ്ട്.
സംവിധായകന്‍ മെഹര്‍ രമേശ് ആദ്യം ചിത്രത്തില്‍ ചിരഞ്ജീവിയുടെ അനിയത്തിയായി അഭിനയിക്കാന്‍ സമീപിച്ചത് സായി പല്ലവിയെ ആണത്രെ. എന്നാല്‍ സിനിമയിലെ റോള്‍ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്ള സായി പല്ലവി ചിരഞ്ജീവിയുടെ ചിത്രമായിട്ടും അത് ഉപേക്ഷിക്കുകയായിരുന്നു. സാധാരണ റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കില്ല എന്ന നയമാണ് സായി പല്ലവി എടുക്കാറ് അത് തന്നെ ഒന്നര കോടിയോളം പറഞ്ഞ റോള്‍ ഉപേക്ഷിക്കാന്‍ കാരണമായി എന്നാണ് തെലുങ്ക് സൈറ്റുകള്‍ പറയുന്നത്.
അതിന് പിന്നാലെയാണ് ഈ റോള്‍ കീര്‍ത്തി സുരേഷിലേക്ക് എത്തുന്നത് എന്നാണ് വിവരം. തെലുങ്ക് തമിഴ് എന്നിങ്ങനെ തിരക്കേറിയ നടിയായ കീര്‍ത്തിക്ക് രണ്ടേകാല്‍ കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാണ് വിവരം. എന്നാല്‍ ചിത്രം വലിയ ഫ്ലോപ്പ് ആയിരിക്കുകയാണ്. നേരത്തെ തന്നെ കീര്‍ത്തിക്ക് അനിയത്തി വേഷങ്ങള്‍ രാശിയല്ലെന്ന ചര്‍ച്ചയും ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നടന്നിരുന്നു. രജനികാന്തിന്‍റെ അണ്ണാത്തയ്ക്ക് പുറമേ ഭോല ശങ്കറും പരാജയപ്പെട്ടതാണ് ഇതിന് കാരണമായി പലരും ചൂണ്ടികാട്ടുന്നത്.
"പറ്റുമെങ്കില്‍ ഫെരാരിയില്‍ സ്വര്‍ണ്ണകിരീടം വച്ച് വരും"; വീണ്ടും വൈറലായി വിനായകന്‍റെ ഹിറ്റ് അഭിമുഖം
"ഗംഭീരം രജനി": രജനികാന്തിനെ ജയിലര്‍ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് കമല്‍ഹാസന്‍