
മുംബൈ: ഹൗസ്ഫുൾ ഫ്രാഞ്ചൈസിയിൽ നിന്നുള്ള നാല് ചിത്രങ്ങളുടെ വിജയത്തിന് ശേഷം, അക്ഷയ് കുമാറും സാജിദ് നദിയാദ്‌വാലയും ഹൗസ്ഫുൾ 5 ൽ വീണ്ടും ഒന്നിക്കുകയാണ്. ചിത്രം 2025 ജൂൺ 6 ന് റിലീസ് ചെയ്യാൻ തയ്യാറായിരിക്കുകയാണ്. മെയ് മാസത്തിൽ ടീസർ പുറത്തിറങ്ങിയതുമുതൽ ചിത്രം അതിന്‍റെ പ്രമോഷന്‍ നടത്തിവരുകയാണ്.
ടീസറും പിന്നാലെ ഇറങ്ങിയ ലാൽ പാരി എന്ന ഗാനവും സംസാരവിഷയമായി മാറിയിരിക്കുകയാണ്. റിലീസിന് 10 ദിവസം ബാക്കി നിൽക്കെ, സാജിദ് നദിയാദ്‌വാല ചിത്രം സെന്‍സറിന് സമർപ്പിച്ചതായി പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നല്ല ചിത്രത്തിന്‍റെ രണ്ട് പതിപ്പാണ് സെന്‍സറിന് അയച്ചത് എന്നാണ് വിവരം.
വിശ്വസനീയമായ സ്രോതസ്സുകള്‍ പ്രകാരം നിർമ്മാതാക്കൾ ഈ കോമഡി ചിത്രത്തിന്‍റെ വ്യത്യസ്ത പതിപ്പുകൾ സിബിഎഫ്‌സിക്ക് സമർപ്പിച്ചു. "ഹൗസ്ഫുൾ 5 ഒരു അതുല്യമായ കോമിക് ത്രില്ലറാണ്, ഈ എന്റർടെയ്‌നറിന്‍റെ സസ്പെന്‍സ് നിലനിർത്താൻ, നിർമ്മാതാവ് ചിത്രത്തിന്റെ രണ്ട് വ്യത്യസ്ത പതിപ്പുകൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് സമർപ്പിച്ചു. രസകരമെന്നു പറയട്ടെ രണ്ട് പതിപ്പുകളും ബോർഡ് അംഗങ്ങൾ കാണുകയും ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു" ഈ വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ ചിത്രത്തിന്‍റെ രണ്ട് വ്യത്യസ്ത പതിപ്പുകള്‍ സെന്‍സര്‍ സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ കൃത്യമായ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. എന്നാൽ കഥയും തിരക്കഥയും എഴുതിയ സാജിദ് പ്രേക്ഷകരെയും വ്യവസായത്തെയും അത്ഭുതപ്പെടുത്തുന്ന പുതിയ എന്തെങ്കിലും ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്നാണ് പിങ്ക്വില്ല പറയുന്നത്.
"ഹൗസ്ഫുൾ 5 രണ്ട് സെൻസർ സർട്ടിഫിക്കറ്റുകൾ ഉള്ളതിനാൽ അപൂർവങ്ങളിൽ അപൂർവമായ ചിത്രമായിരിക്കാം, അതിനുള്ള ഒരു കാരണവുമുണ്ട്, അത് ഉടൻ വെളിപ്പെടുത്തും" ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പിങ്ക്വില്ലയെ അറിയിച്ചു.
24 അഭിനേതാക്കളുള്ള ഹൗസ്ഫുൾ 5 ന്റെ റൺ ടൈം ഫ്രാഞ്ചൈസിയുടെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. "2 മണിക്കൂർ 43 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഹൗസ്ഫുളിന്റെ പതിവ് ആഴയക്കുഴപ്പം ഉണ്ടാക്കുന്ന കഥരീതി അതേപടി നിലനിൽക്കുന്നുണ്ടെങ്കിലും, കഥ പറയുന്ന രീതി വ്യത്യസ്തമായ ഒന്നാണ്. 24 അഭിനേതാക്കളുടെ താരനിര കാരണം ധാരാളം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒരു കിടിലൻ കോമഡിയാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരിക്കുന്നത്" വൃത്തങ്ങൾ കൂട്ടിച്ചേർത്തു.