
ചെന്നൈ: റിലീസിനൊരുങ്ങുന്ന മണിരത്നം കമല്‍ഹാസന്‍ ചിത്രം ‘തഗ് ലൈഫ്' ഓഡിയോ ലോഞ്ചില്‍ നടന്‍ ജോജുവിനെ വാനോളം പുകഴ്ത്തി കമല്‍ഹാസന്‍. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കമൽ ഹാസനോടൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
“ജോജുവെന്ന നടനെ എനിക്ക് അറിയില്ലായിരുന്നു, അതിനിടയില്‍ അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം ഞാൻ കണ്ടു. ചിത്രത്തിൽ ഒരേ പോലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന ഇരട്ട സഹോദരന്മാരായാണ് ജോജു എത്തിയത്. ഒറ്റ നോട്ടത്തിൽ നമുക്ക് തിരിച്ചറിയാം, ഇത് ആ സഹോദരനും അത് മറ്റേ സഹോദരനുമാണെന്ന്. എനിക്ക് ഏറെ അസൂയ തോന്നിയ നടനാണ് ജോജു. പുതുതായി വരുന്ന ഒരോ അഭിനേതാവും എനിക്ക് വെല്ലുവിളിയായി എടുക്കുന്ന ആളാണ് ഞാന്‍. പക്ഷെ അവരെ അനുമോദിക്കുകയും സ്വാഗതം ചെയ്യേണ്ടതും എന്‍റെ കടമയുമാണ്" ജോജു ഇരിക്കുന്ന സദസില്‍ കമല്‍ പറഞ്ഞു.
നേരത്തെ കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജോജുവിനെ ഇനി മലയാളത്തിലേക്ക് വിട്ടുതരുമോ എന്നത് സംശയമാണ് എന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.
37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രം ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്യുക.. യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്‍ഹാസൻ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്‍ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവര്‍ സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്.
രാജ് കമൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ അമരന്റെ വിജയകരമായ കേരളാ വിതരണ പങ്കാളിത്തത്തിനു ശേഷം ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യൂഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസാണ്.