
മുംബൈ: ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും സഞ്ജയ് ദത്തും ഹോളിവുഡ് ത്രില്ലറിൽ അഭിനയിക്കുന്നതായി റിപ്പോർട്ട്. ഇരുവരും അതിഥി വേഷങ്ങളില്‍ എത്തുന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി സൗദി അറേബ്യയിലാണ് ഉള്ളത്. സൗദിയില്‍ പുതുതായി ആരംഭിച്ച അൽഉല സ്റ്റുഡിയോയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫെബ്രുവരി 19 വരെ ചിത്രീകരണം തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു മിഡ്-ഡേ റിപ്പോർട്ട് അനുസരിച്ച്, അമേരിക്കൻ ത്രില്ലറിന്‍റെ പ്രധാന സീക്വൻസുകളിൽ ഖാനും ദത്തും അഭിനയിക്കും. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആഗോള പ്രേക്ഷകർക്കായി ഒരുക്കുന്ന ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
“സൽമാൻ ഖാനും സഞ്ജയ് ദത്തും വലിയ ആരാധകരുള്ള നടന്മാരാണ്, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ. അവരുടെ രംഗങ്ങൾ അത്തരത്തില്‍ രൂപകൽപ്പന ചെയ്‌തതാണ്”ഒരു വൃത്തെ ഉദ്ധരിച്ച് ഡിഎന്‍എ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദിയിലെ അൽഉല സ്റ്റുഡിയോ അന്താരാഷ്ട്ര പ്രൊഡക്ഷനുകളുടെ പ്രധാന ചിത്രീകരണ കേന്ദ്രമായി മാറുന്നുണ്ട്. ജെറാർഡ് ബട്ട്‌ലർ അഭിനയിച്ച കാണ്ഡഹാർ (2023) പോലുള്ള ഹോളിവുഡ് സിനിമകൾ ഇതിനകം അവിടെ ചിത്രീകരിച്ചിട്ടുണ്ട്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹോളിവുഡ് ത്രില്ലർ സൗദിയിലെ സിനിമാറ്റിക് ലാൻഡ്‌സ്‌കേപ്പുകൾ ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള കഥയാണ് പറയുന്നത്. മൂന്ന് ദിവസത്തെ ഷൂട്ടിംഗിനായി സൽമാൻ ഖാനും സംഘവും ഞായറാഴ്ച രാവിലെ റിയാദിലെത്തിയെന്നാണ് റിപ്പോർട്ട്.
സാജൻ (1991), ചൽ മേരെ ഭായ് (2000), യേ ഹേ ജൽവ (2002) എന്നിവയുൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിലാണ് സൽമാൻ ഖാന്‍റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ചിത്രത്തിൽ രശ്മിക മന്ദാന നായികയായി എത്തുന്നു. പ്രതീക് ബബ്ബര്‍, സത്യരാജ്, ശർമാൻ ജോഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം, ഹൗസ്ഫുൾ 5, ബാഗി 4, സൺ ഓഫ് സർദാര്‍ 2 എന്നിവയാണ് സഞ്ജയ് ദത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ ഇരട്ടി! ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ്; ഞെട്ടിച്ച് 'ഛാവ'